| Monday, 16th January 2023, 8:28 am

ഈ രാഷ്ട്രീയബോധം എനിക്ക് 1970കളിലുണ്ടായിരുന്നെങ്കില്‍ അടിയന്തരാവസ്ഥക്കാലത്ത് ദല്‍ഹി തെരുവുകളിലൂടെ നടക്കുമായിരുന്നു: കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോടുള്ള തന്റെ ചായ്‌വായി തെറ്റിദ്ധരിക്കരുതെന്ന് നടന്‍ കമല്‍ ഹാസന്‍. കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ ആറാമത് എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നുണ്ടായിരുന്ന രാഷ്ട്രീയബോധം 1970കളില്‍ തനിക്കുണ്ടായിരുന്നെങ്കില്‍ അടിയന്തരാവസ്ഥ സമയത്ത് ദല്‍ഹിയിലെ തെരുവുകളിലൂടെ നടക്കുമായിരുന്നെന്നും മക്കള്‍ നീതി മയ്യത്തിന്റെ നേതാവ് കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞു.

”1970കളില്‍ എനിക്ക് ഇത്രയും രാഷ്ട്രീയബോധ്യം ഉണ്ടായിരുന്നെങ്കില്‍ അടിയന്തരാവസ്ഥയുടെ സമയത്ത് ഞാന്‍ ദല്‍ഹിയിലെ തെരുവുകളിലൂടെ നടക്കുമായിരുന്നു. ഭാരത് ജോഡോ യാത്രയില്‍ ഞാന്‍ പങ്കുചേര്‍ന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയോടുള്ള എന്റെ ചായ്‌വായി ദയവായി തെറ്റിദ്ധരിക്കരുത്.

അത് ഇന്ത്യയുടെ അഖണ്ഡതക്ക് വേണ്ടിയായിരുന്നു,” കമല്‍ ഹാസന്‍ പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത് ഒരുപാട് കാര്യങ്ങളോടുള്ള ദേഷ്യം കൊണ്ടാണ്. രാഷ്ട്രീയത്തില്‍ വരണമെന്ന് ഞാന്‍ കരുതി. അതെന്നില്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ രാഷ്ട്രീയത്തില്‍ എന്റെ സ്വാധീനം ചെലുത്തണമെന്നും നടന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ താന്‍ സ്വയം ഒരു സെന്‍ട്രിസ്റ്റ് (Centrist) എന്നാണ് വിശേഷിപ്പിക്കുന്നതെന്നും സെന്‍ട്രിസ്റ്റ് വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വലത്തുനിന്ന് ഇടത്തേക്കോടുന്ന ഒരാളാണ് താനെന്നും കമല്‍ ഹാസന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യ എന്നാല്‍ വൈവിധ്യവും ബഹുസ്വരതയുമാണെന്നും അതിനെ നശിപ്പിക്കാനാകില്ലെന്നും ഏകസംസ്‌കാരം (monoculture) എന്ന് പറയുന്നത് ഏത് മേഖലയിലായാലും മോശമാണെന്നും അദ്ദേഹം പ്രതികരിച്ചു.

”മതേതര ഇന്ത്യയെ ഏകസാംസ്‌കാരിക ഇന്ത്യയാക്കാനുള്ള ഒരേയൊരു വഴി വംശഹത്യയാണ്, നമ്മളത് അനുവദിക്കില്ല.

ഞാന്‍ ഒരു ദേഷ്യക്കാരനായ ചെറുപ്പക്കാരനായിരുന്നു (angry young man), ഇപ്പോള്‍ ഞാനൊരു ദേഷ്യക്കാരനായ വൃദ്ധനാണ് (angry old man). പക്ഷേ ഇന്ത്യ എപ്പോഴും എന്റെ മനസ്സില്‍ ചെറുപ്പമായി തുടരും,” കമല്‍ ഹാസന്‍ പറഞ്ഞു.

നാല് ദിവസം നീണ്ടുനിന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവല്‍ ജനുവരി 15നാണ് അവസാനിച്ചത്.

Content Highlight: Actor Kamal Haasan about attending Bharat Jodo Yatra

We use cookies to give you the best possible experience. Learn more