സമീപകാലത്തിറങ്ങിയ മൂന്ന് ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് കാളിദാസ് ജയറാം. പുത്തന്‍പുതു കാലൈ, പാവ കഥൈകള്‍, ഒരു പക്കാ കഥൈ എന്നീ ചിത്രങ്ങളിലെ കാളിദാസിന്റെ വേഷങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.
നെറ്റ്ഫ്‌ളിക്‌സ് തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ സുധാ കൊങ്കാരയുടെ തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് കാളിദാസ് ചെയ്തിരിക്കുന്നതെന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് തങ്കത്തില്‍ കാളിദാസ് അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഈ ചിത്രങ്ങളും ജീവിതവും തന്നെ പഠിപ്പിച്ച കാര്യങ്ങള്‍ തുറന്നുപറയുകയാണ് നടന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ്. ജീവിതത്തിലും സിനിമയിലും പ്ലാന്‍ ചെയ്തിട്ട് കാര്യമില്ലെന്നും എല്ലാം നടക്കേണ്ട സമയത്ത് നടക്കുമെന്നും കാളിദാസ് പറഞ്ഞു.
‘ഇതൊന്നും നമ്മള്‍ പ്ലാന്‍ ചെയ്ത് നടന്ന കാര്യങ്ങളല്ല. ജീവിതത്തിലായാലും സിനിമയിലായാലും ഒരുപാട് പ്ലാന്‍ ചെയ്തിട്ട് കാര്യമില്ല. നടക്കേണ്ട സമയത്ത് പ്രോജക്ട്‌സ് നടക്കും. നമ്മള്‍ ഒരുപാട് പ്ലാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നടക്കണമെന്നില്ല. ഒന്നും പ്ലാന്‍ ചെയ്യാത്ത കാര്യങ്ങളായിരിക്കും നന്നായി നടക്കുന്നത്. അങ്ങനെ അപ്രതീക്ഷിതമായി നടന്ന സംഭവമായിരുന്നു ഈ സിനിമകളെല്ലാം.’ കാളിദാസ് പറഞ്ഞു.
ചിത്രീകരണം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് സത്താറില്‍ നിന്നു മുക്തനായതെന്നും ആ കഥാപാത്രം തനിക്ക് ഏറെ സന്തോഷം തന്നെന്നും കാളിദാസ് ജയറാം മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശരവണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് കാളിദാസിനെ ആദ്യം സമീപിച്ചതെന്നും സത്താറിനെ ചെയ്യാന്‍ മലയാളത്തിലും തമിഴിലുമുള്ള നടന്‍മാര്‍ തയ്യാറാവാത്തപ്പോള്‍ കാളിദാസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും സംവിധായക സുധാ കൊങ്കാര നേരത്തെ പറഞ്ഞിരുന്നു.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് പാവകഥൈകളില്‍ നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത, ട്രാന്‍സ്ജെന്‍ഡര്‍ പ്രണയം എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
ആമസോണ്‍ ആന്തോളജി ചിത്രമായ പുത്തം പുതുകാലൈയില്‍ സുധാ കൊങ്കാര ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തില്‍ ജയറാം ചെയ്ത കേന്ദ്ര കഥാപാത്രത്തിന്റെ ചെറുപ്പക്കാലമായിരുന്നു കാളിദാസ് അവതരിപ്പിച്ചിരുന്നത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം ആദ്യമായി നായകനായ ആദ്യ ചിത്രം ഒരു പക്കാ കഥൈ ഡിസംബര്‍ 25നാണ് ഒ.ടി.ടിയിലെത്തിയത്. ബാലാജി തരണീധരനാണ് ഒരു പക്കാ കഥൈ സംവിധാനം ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Kalidas Jayaram about Paava Kadhaigal, Oru pakka kadhai, Puthaputhu kaalai and what he learnt from these movies