| Thursday, 1st June 2023, 8:43 am

വിനീതേട്ടന്‍ ആവശ്യപ്പെട്ടതൊന്ന് മാത്രം, ആ കഥാപാത്രം ചെയ്തത് മലയാളി ആണെന്ന് ആരും പറയരുത്: കലേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെ മലയാള  സിനിമയിലേക്ക് കടന്നുവന്ന നടനാണ് കലേഷ്. സെല്‍വ എന്ന കഥാപാത്രം ചെയ്തത് ഒരു മലയാളിയാണെന്ന് ആര്‍ക്കും തോന്നരുതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നുവെന്നും താനൊരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നുവെന്നും കലേഷ് പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ ഞാന്‍ ജനിച്ചു വളര്‍ന്നത് ആലപ്പുഴയിലാണ്. എന്റെ അമ്മ മദ്രാസുകാരിയാണ്. വീട്ടിലും ഞാന്‍ തമിഴ് കേട്ട് തന്നെയാണ് വളര്‍ന്നത്. എന്റെ തമിഴിന് ഒരു ടിപ്പിക്കല്‍ മലയാളിയുടെ സ്ലാങ് ഉണ്ട്. കഴിഞ്ഞ പത്ത് കൊല്ലമായി ചെന്നൈയിലാണ് താമസിക്കുന്നത്.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നു. പിന്നീട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും വര്‍ക്ക് ചെയ്തിരുന്നു. തമിഴ് സിനിമകളും തെലുങ്ക് സിനിമകളും മലയാളത്തിലേക്ക് ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. തമിഴ് എനിക്ക് നല്ല പോലെ വഴങ്ങുമായിരുന്നു.

അങ്ങനെ മെല്ലെ ഹൃദയം സിനിമയില്‍ എത്തി. വിനീതേട്ടന്‍ എന്നെ വിശ്വസിച്ച് ഒരു കഥാപാത്രം തന്നു. വിനീതേട്ടന്‍ പറഞ്ഞ ഒറ്റ കാര്യമേയുള്ളു. ഒരിക്കലും സെല്‍വ എന്ന കഥാപാത്രം ചെയ്തത് ഒരു മലയാളി ആണെന്ന് ആരും പറയരുതെന്ന്. അതെനിക്ക് വലിയൊരു ഉത്തരവാദിത്തമായിരുന്നു.

എനിക്കൊരുപാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഫ്രണ്ട്‌സുണ്ട്. സിനിമയിലേത് പോലെ ഹൗസിങ് ബോര്‍ഡ് കോളനിയിലൊക്കെ താമസിച്ചവരുണ്ട്. സെല്‍വ എന്ന കഥാപാത്രം പറയുന്ന ഡയലോഗുകളൊക്കെ ഇവരെക്കൊണ്ട് പറയിപ്പിച്ച് ഒക്കെയാണ് ഞാന്‍ പഠിച്ചത്. ആ കഥാപാത്രം ഒരു തമിഴന്‍ തന്നെയാണ് ചെയ്തതെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയതില്‍ സന്തോഷമുണ്ട്, ‘ കലേഷ് പറഞ്ഞു.

ഹൃദയം എന്ന സിനിമയില്‍ ഒരുപാട് ഡയറക്ടര്‍ ബ്രില്ല്യന്‍സുണ്ടെന്നും അതൊക്കെ അഭിനന്ദനീയമാണെന്നും കലേഷ് പറഞ്ഞു.

‘സെല്‍വ എന്ന കാര്യക്ടര്‍ മരിച്ചതിന് ശേഷം, സെല്‍വയുടെ ഫ്രണ്ട് ആയ ക്യാരക്ടര്‍ കാളി പറയും ‘ മച്ചാ അവന്‍ എങ്കെയും പോവലെ, ഇങ്ക താ എങ്കെയോ ഇറുക്കാ’ എന്ന്. അതിന് ശേഷം സൂര്യനിലേക്ക് നോക്കും. അപ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ ഒരു പാട്ട് വരും.

ആ സൂര്യനിലേക്ക് നോക്കുന്നതിന് ഒരു കാരണമുണ്ട്. ഇവരുടെ ജീവിതത്തില്‍ ഒരു വെളിച്ചം പോലെ സെല്‍വ എന്ന ക്യാരക്ടര്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി സ്വപ്‌നങ്ങള്‍ കണ്ടത് സെല്‍വയായിരുന്നു.

സെല്‍വയെ കാണിക്കുന്ന എല്ലാ സീനുകളിലും സെല്‍വക്ക് പുറകില്‍ ഒരു സൂര്യവെളിച്ചം ഉണ്ടാകും. അതിങ്ങനെ മിന്നിമറിഞ്ഞു പോകും. അതൊക്കെ സംവിധായകനായ വിനീതേട്ടന്റെയും ക്യാമറമാനായ വിശ്വജിത്തിന്റെയും ബ്രില്ല്യന്‍സാണ്. അതൊക്കെ അഭിനന്ദനീയമാണ്, ‘ കലേഷ് പറഞ്ഞു.


Conent Highlights: Actor Kalesh about Vineeth Sreenivasan

We use cookies to give you the best possible experience. Learn more