ആക്ഷന്‍ പറയുന്നത് ലാലേട്ടന്‍ കേട്ടിട്ടില്ലെന്ന് വിചാരിച്ചു, പണി പാളി, ഇത് പൊളിഞ്ഞുവെന്ന് ചിന്തിച്ച് നിന്നപ്പോള്‍ അദ്ദേഹം തുടങ്ങി: കലാഭവന്‍ ഷാജോണ്‍
Film News
ആക്ഷന്‍ പറയുന്നത് ലാലേട്ടന്‍ കേട്ടിട്ടില്ലെന്ന് വിചാരിച്ചു, പണി പാളി, ഇത് പൊളിഞ്ഞുവെന്ന് ചിന്തിച്ച് നിന്നപ്പോള്‍ അദ്ദേഹം തുടങ്ങി: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th December 2023, 11:18 pm

മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. അഭിനയം എന്നാല്‍ ഡയലോഗ് കാണാതെ പഠിക്കലല്ലെന്നും അതിനൊരു പ്രോസസുണ്ടെന്നും മനസിലാക്കിയത് മോഹന്‍ലാലില്‍ നിന്നാണെന്ന് ഷാജോണ്‍ പറഞ്ഞു. ആക്ഷന്‍ പറയുമ്പോള്‍ പലപ്പോഴും മോഹന്‍ലാല്‍ അത് കേട്ടില്ല എന്ന് താന്‍ വിചാരിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്‌ക്രീനില്‍ കാണുമ്പോഴാണ് അദ്ദേഹം ചെയ്തതിന്റെ ഇഫക്ട് മനസിലാവുകയുള്ളുവെന്നും ഷാജോണ്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് അദ്ദേഹം മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

‘റിഹേഴ്‌സല്‍ കഴിഞ്ഞ് ഞാന്‍ ലാലേട്ടനെ നോക്കി, എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. കാണാതെ പഠിച്ചുപറഞ്ഞു, ഇനി നീ അഭിനയിക്ക് എന്ന് പറഞ്ഞു. അഭിനയിക്കുകയല്ലാരുന്നോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയല്ല മോനേ, ഇത് വേറെ പരിപാടി ആണെന്ന് പറഞ്ഞു. മോന്‍ ഗ്ലാസ് കൊണ്ട് വെക്കുമ്പോള്‍ ചേട്ടന്‍ ഗ്ലാസില്‍ ഒഴിച്ചുതരും, ആ ഗ്ലാസെടുക്കുമ്പോള്‍ ഞാന്‍ മേനെ നോക്കും, അപ്പോഴേ അടുത്ത ഡയലോഗ് പറയാവൂ, അത് പറഞ്ഞു കഴിയുമ്പോള്‍ ഗ്ലാസുമായി ഞാന്‍ ഇവിടെ വന്നിരിക്കും, അവിടെയിരുന്ന് ഞാന്‍ രണ്ട് സെക്കന്റ് ആലോചിക്കുമ്പോള്‍ നീ അടുത്ത ഡയലോഗ് പറയണം. അപ്പോഴാണ് ഇങ്ങനെയൊരു പ്രോസസിനെ പറ്റി ഞാനും ആലോചിക്കുന്നത്. അല്ലാതെ വെറുതെ ഡയലോഗ് വെറിതെ പറഞ്ഞുപോകലല്ല. എല്ലാ ഡയലോഗിനും ഒരു ഫീലുണ്ട്. അത് പറയുന്നതിന് മുമ്പ് ഒരു നിശബ്ദദയുണ്ട്.

പലപ്പോഴും ആക്ഷന്‍ പറയുന്നത് ലാലേട്ടന്‍ കേട്ടിട്ടില്ല എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. ആക്ഷന്‍ എന്ന് പറഞ്ഞുകഴിഞ്ഞാലൊന്നും ലാലേട്ടന്‍ തിരിയില്ല. പണി പാളി, ഇത് പൊളിഞ്ഞു എന്ന് ഞാന്‍ വിചാരിച്ചുനില്‍ക്കുമ്പോള്‍ ലാലേട്ടന്‍ തുടങ്ങും. സ്‌ക്രീനില്‍ കാണുമ്പോഴാണ് ഇതിന്റെ ഇഫക്ട് മനസിലാവുന്നത്. അതിലേക്ക് മ്യൂസിക് കേറുന്നു, പുള്ളി വരുന്നു, നോക്കുന്നു, അതിന്റെ റിഥം നമുക്ക് മനസിലാവും,’ ഷാജോണ്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേര് മികച്ച പ്രേക്ഷകപ്രതികരണവുമായി മുന്നേറുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിലെത്തിയത്. ആത്മവിശ്വാസം തീരെയില്ലാത്ത ഒരു കഥാപാത്രമായി തുടക്കത്തില്‍ എത്തുന്ന മോഹന്‍ലാല്‍ പിന്നീട് വിജയ നായകനായി മാറുന്നതാണ് നേരില്‍ കാണിക്കുന്നത്. ചിത്രം ഇതുവരെ 8 കോടി രൂപ കളക്ട് ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനശ്വര രാജന്‍, ശാന്തി മായദേവി, ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്ണു ശ്യാമാണ്.

Content Highlight: Actor Kalabhavan Shajon shares his experience of acting with Mohanlal