ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ടോവിനോ തോമസിനൊപ്പമുള്ള ഫൈറ്റ് സീനിനെക്കുറിച്ച് പറയുകയാണ് കലാഭവന്‍ ഷോജോണ്‍. ടൊവിനോയെ ഇടിക്കുന്ന സീനില്‍ റിയല്‍ ആയിട്ട് ഇടിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും ചെടിച്ചട്ടിയെടുത്ത് ടൊവിനോ തന്റെ മുഖത്ത് ഇടിക്കുന്ന സീനില്‍ പരിക്ക് പറ്റിയിരുന്നുവെന്നും ഷാജോണ്‍ പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയെക്കുറിച്ച് സംസാരിച്ചത്.
”ഒരു മെക്‌സിക്കന്‍ അപാരതയില്‍ എന്ത് ഇടിയായിരുന്നു. ടോവിനോയെ ഇടിക്കുമ്പോള്‍ അവന്‍ നെഞ്ച് കാണിച്ച് തരും. ചേട്ടാ ഇവിടെ ചവിട്ട് ഇവിടേന്നും പറഞ്ഞ് അലറി വിളിക്കലായിരുന്നു. ഇവന് പ്രാന്താണോന്ന് വരെ ഞാന്‍ ഓര്‍ത്തു. ടൊവിനോ നിനക്ക് വേദന എടുക്കുന്നില്ലേയെന്ന് ഞാന്‍ ചോദിച്ചു.
സാരമില്ല ചേട്ടന്‍ ചവിട്ടിക്കോ എന്നാലെ എനിക്ക് അത് ഫീല്‍ ചെയ്യുകയുള്ളുവെന്നും പറഞ്ഞ് ബഹളമായിരുന്നു. ഒരു ചെടിച്ചട്ടി എടുത്ത് അടിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കും. അതില്‍ ഒരു പൂച്ചെട്ടി വെച്ചിട്ടാണ് അടിക്കുന്നത്. തെര്‍മോക്കോള്‍ വെച്ചിട്ടാണ് ഉണ്ടാക്കിയത്. അന്നത്തെ അനുഭവങ്ങള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രസമാണ്. അന്ന് ഞാനാകെ ടെന്‍ഷനായിപ്പോയി.
മാഫിയ ശശി ഏട്ടന്‍ ഒരു ഇരുമ്പിന്റെ റാഡ് ഒക്കെ എടുത്ത് വെച്ചു. എന്താ ചേട്ടാ ഇതൊക്കെ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല ചേട്ടാ ടൊവിനോ വന്ന് ഈ റാഡിനിട്ട് ഇടിക്കും ചെടിച്ചട്ടി പൊട്ടും അത്രയുള്ളു. ചേട്ടന്‍ വെറുതെ ഒന്ന് എക്‌സ്പ്രഷനിട്ടാല്‍ മതിയെന്നും പേടിക്കാനൊന്നുമില്ല ചേട്ട ധൈര്യമായിട്ട് ഇരിക്ക് എന്നൊക്കെ എന്നോട് പറഞ്ഞു.
ബാക്കില്‍ നിന്നാണ് ആ ഷോട്ട് എടുക്കുന്നത്. ടൊവി വന്ന് ആ റോഡിനിട്ട് ഇടിക്കുമ്പോള്‍ ചട്ടി പൊട്ടും. ആ സമയത്ത് ഞാന്‍ മുഖം തിരിക്കണം. കാണുന്നവര്‍ക്ക് തോന്നുക എന്റെ മുഖത്ത് ഇടിച്ചിട്ടാണ് ചട്ടി പൊട്ടിയതെന്നാണ്. അതായിരുന്നു ശശിയേട്ടന് വേണ്ടത്. തെര്‍മോക്കോള്‍ കൊണ്ടൊക്കെയാണ് അത് ഉണ്ടാക്കിയത്. പക്ഷേ തെര്‍മോക്കോള്‍ ആടിപ്പോവാതിരിക്കാന്‍ അടിവശം കുറച്ച് കട്ടിയായിരുന്നു.
അത് വെച്ചിട്ട് ടൊവിയൊരു അടിയായിരുന്നു. അതിന്റെ കട്ടിയുള്ള ഭാഗം എന്റെ മുഖത്ത് മൂക്കിന് വന്ന് ഇടിച്ചു. അതെന്റെ അവസാനത്തെ പടം ആയിപ്പോവുമായിരുന്നു(ചിരി). ഞാന്‍ കണ്ണിനാണ് കൊള്ളുന്നതെങ്കിലോയെന്ന് ഇപ്പോഴും ആലോചിക്കും,” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
2017ല്‍ ഇറങ്ങിയ പൊളിറ്റിക്കല്‍ സിനിമയായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. ചിത്രത്തില്‍ ഷിയാസ് എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ അവതരിപ്പിച്ചത്. നീരജ് മാധവന്‍, ഗായത്രി സുരേഷ്, ഹരീഷ് പേരടി, സുധി കോപ്പ തുടങ്ങിയവരും അഭിനയിച്ചിരുന്നു.
CONTENT HIGHLIGHT: actor kalabhavan shajon about tovino thomas