| Wednesday, 9th June 2021, 2:25 pm

ഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമത്രേ; കലാഭവന്‍ നാരായണന്‍കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ താരമാണ് കലാഭവന്‍ നാരായണന്‍കുട്ടി. പ്രത്യേക രീതിയിലുള്ള സംസാര ശൈലിയാണ് നാരായണന്‍കുട്ടിയെ ആളുകള്‍ക്ക് പ്രിയങ്കരനാക്കിയത്.

ആളുകള്‍ തന്നെ ഇഷ്ടപ്പെടുന്നതും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതും തന്റെ സംസാരശൈലിയിലെ പ്രത്യേകത കൊണ്ടാവാമെന്നാണു കലാഭവന്‍ നാരായണന്‍കുട്ടി പറയുന്നത്. ‘ഒന്നും മനഃപൂര്‍വം ചെയ്യുന്നതല്ല. ജനിച്ചപ്പോള്‍ മുതല്‍ എന്റെ സംസാരം ഇങ്ങനെ ആണ്. നമസ്‌കാരം എന്ന് ഓരോരുത്തരും പല രീതിയിലാണ് പറയുന്നത്. എന്നാല്‍ എന്റെ നമസ്‌കാരം കൂടുതല്‍ ഇഷ്ടപ്പെടുന്നതായി ആളുകള്‍ പറയുന്നു. എന്റെ തലമുറയില്‍പ്പെട്ടവര്‍ക്കും പുതുതലമുറയ്ക്കും നാരായണന്‍കുട്ടി എന്ന നടനെ അറിയാം. ഇതുവരെ എത്താന്‍ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

മാനത്തെ കൊട്ടാരത്തിലെ മാപ്പ് വില്‍പ്പനക്കാരനെയാണല്ലോ നാരായണന്‍കുട്ടിയെ പറ്റി പറയുമ്പോള്‍ ആളുകള്‍ ഓര്‍ക്കുന്നത് എന്ന ചോദ്യത്തിന് ചിത്രത്തിലെ ഭിക്ഷക്കാരന്റെ വേഷം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെന്നും ഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമെന്നായിരുന്നു പലരും പറയാറെന്നും നാരായണന്‍കുട്ടി പറയുന്നു.

‘ആ സിനിമയുടെ തിരക്കഥാകൃത്ത് അന്‍സാര്‍ കലാഭവന്‍ സുഹൃത്ത് ആണ്. ”അമ്മച്ചീ മാപ്പ് , മാപ്പ് ”എന്നു പറഞ്ഞു ഫിലോമിനചേച്ചിയുടെ വീട്ടില്‍ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്.

ലോകം മുഴുവന്‍ ക്ഷമിക്കാത്ത എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ചു മാപ്പു പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോള്‍ ഫിലോമിനചേച്ചിയെ സഹായിക്കാന്‍ മാളചേട്ടന്‍ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്. ശേഷം ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണു സീന്‍.

ഒടുവില്‍ ജീവിക്കാന്‍ ഭിക്ഷക്കാരനായി മാറുമ്പോള്‍ ഞാന്‍ ചെന്നു പെടുന്നതും ഫിലോമിന ചേച്ചിയുടെ മുമ്പില്‍. ഈ ശബ്ദം നല്ല പരിചയമുണ്ടെന്നു പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയില്‍ കൂടി ഭിക്ഷാടകനായി അഭിനയിച്ചു. ഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമത്രെ,’ കലാഭവന്‍ നാരായണന്‍കുട്ടി പറയുന്നു.

കലാഭവനില്‍ എത്തിയാല്‍ സിനിമയില്‍ എത്തുമെന്ന വിശ്വാസം എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലുണ്ട്. കലാഭവനില്‍ എന്റെ പല സുഹൃത്തുക്കളുമുണ്ട്. എന്നാല്‍, പ്രസാദ് ആണ് എന്നെ അവിടേക്കു വിളിക്കുന്നത്. ഞാന്‍ വരുമ്പോള്‍ ജയറാം, സൈനുദ്ദീന്‍, റഹ്‌മാന്‍, അന്‍സാര്‍ എന്നിവരുണ്ട്.

ജയറാമും ഞാനും ഒരേ വര്‍ഷമാണു വന്നത്. അതിനുമുന്‍പു സിദ്ധിഖും ലാലും എന്‍. എഫ് വര്‍ഗീസും. ജയറാം സിനിമയില്‍ അഭിനയിക്കാന്‍ പോയി. അപ്പോഴാണു മണി വരുന്നത്. ജയറാമിന്റെ കൂടെ 15 ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂക്കയ്ക്കും ദിലീപിനൊപ്പമാണു ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ സാറിനൊപ്പം ബാബാ കല്യാണി ചെയ്തു. മണിയുടെ കൂടെയും അഭിനയിച്ചു, നാരായണന്‍കുട്ടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actor Kalabhavan Narayanankutty About His Cinema Career

We use cookies to give you the best possible experience. Learn more