|

എല്ലാവരും കളിയാക്കിയ ആ ഫോട്ടോ കണ്ടപ്പോള്‍ എന്റെ അച്ഛന് സന്തോഷമായിരുന്നു: കൈലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഷന്‍ സി സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട് പലരും കളിയാക്കിയപ്പോഴും ആ ഫോട്ടോ തന്റെ അച്ഛനെ ഏറെ സന്തോഷിപ്പിച്ചിരുന്നുവെന്ന് നടന്‍ കൈലാഷ്. അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു വെന്നും ആ വേഷത്തില്‍ തന്നെ കണ്ടതില്‍ അച്ഛന് സന്തോഷമായിരുന്നുവെന്നും താരം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഷന്‍ സി സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസറ്ററില്‍ തോക്ക് പിടിച്ചുകൊണ്ടുള്ള പട്ടാള വേഷത്തിലുള്ള കൈലാഷിന്റെ പോസ്റ്റര്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എല്ലാവരും കളിയാക്കിയപ്പോഴും തന്റെ അച്ഛന് സന്തോഷമായല്ലോ എന്നതായിരുന്നു താന്‍ പ്രധാനമായും കണ്ടതെന്നും കൈലാഷ് പറഞ്ഞു.

‘മിഷന്‍ സി സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നപ്പോള്‍ ഇതെന്താണ് ഇയാളിങ്ങനെ എന്നൊക്കെ തരത്തിലുള്ള ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. പക്ഷെ, ആ ചര്‍ച്ച അടിസ്ഥാനപരമായി എനിക്കാണ് പ്രയോജനമുണ്ടാക്കിയത്. ഒരാളെ സൈബര്‍ ബുള്ളിയിങ് ചെയ്യുമ്പോള്‍ അതാരെയാണോ ചെയ്യപ്പെടുന്നത് അവര്‍ക്ക് തന്നെയാണ് പ്രയോജനമായി മാറുന്നത്.

നമ്മള്‍ അയാളെ മോശമാക്കാനോ തമാശയാക്കാനോ ആണ് ശ്രമിക്കുന്നതെങ്കിലും അടിസ്ഥാനപരമായി അത് അയാളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് എന്നതാണ്. പെട്ടെന്ന് കുറച്ചാളുകള്‍ സപ്പോര്‍ട്ട് ചെയ്തു കുറച്ചാളുകള്‍ എതിര്‍ത്തും വരുന്നു. നമ്മള്‍ ഒരു കണ്ടന്റായി മാറുകയാണ്. അതാണ് നടക്കുന്നത്. ടെക്‌നോളജികള്‍ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് എത്രസമയം നമ്മള്‍ കണ്ടന്റാകുന്നു എന്നതാണ് പ്രധാനം. അത് ചിലപ്പോള്‍ ഒരു വ്യക്തിയാകം, ഒരു സബ്ജക്ടാകാം, ചിലപ്പോള്‍ ഒരു കളറായിരിക്കാം. അത് തിരിച്ചറിയണം.

അങ്ങനെയൊന്നും കരുതിയല്ല മിഷന്‍ സിയുടെ പോസ്റ്റര്‍ ചെയ്തത്. വൈകീട്ട് അഞ്ച് മണിക്കാണ് ഞാന്‍ പോസ്റ്റര്‍ കാണുന്നത്. പോസ്റ്റര്‍ കണ്ടപ്പോള്‍ എല്ലാവരും പാനിക്കായിരുന്നു. ഞാന്‍ തന്നെ സംവിധായകനോട് ചോദിച്ചിരുന്നു ഇത് വേണോ എന്ന്. എനിക്ക് തന്നെ എന്നെ കണ്ടിട്ട് ട്രോളാന്‍ തോന്നിയിരുന്നു ആ സമയത്ത്.

എന്റെ അച്ഛന്‍ മിലിട്ടറിയിലായിരുന്നു. അദ്ദേഹം മദ്രാസ് റെജിമെന്റില്‍ ഒരു കമാന്റോ ആയിരുന്നു. അച്ഛന് വലിയ ആഗ്രഹമായിരുന്നു ഞാന്‍ പട്ടാളത്തില്‍ ചേരണമെന്ന്. സിനിമയുടെ പിറകെ പോയത് കൊണ്ട് അച്ഛന്റെ ആഗ്രഹം നടന്നില്ല. അത് കൊണ്ടുതന്നെ യൂണിഫോമിലുള്ള എന്റെ ആ ഫോട്ടോ കണ്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അച്ഛനാണ്.

നമ്മള്‍ പ്രതീക്ഷിക്കാത്ത ഏരിയകളിലാണ് ഇത് വര്‍ക്ക് ചെയ്യുന്നത്. നാട്ടിലുള്ള രണ്ടായിരം പേര്‍ എന്നെ ചീത്ത പറയുമ്പോഴും ഒരു മൊമന്റില്‍ എന്റെ അച്ഛന്‍ ആ ഫോട്ടോ കണ്ട് ഹാപ്പിയായാല്‍ അതാണ് എനിക്ക് ഏറ്റവും പ്രധാനം. എനിക്ക് അങ്ങനെയുള്ള ഒരു ആംഗിള്‍ എപ്പോഴുമുണ്ട്. എവിടെയെങ്കിലുമൊക്കെ ലൈഫില്‍ ഞാന്‍ ബാലന്‍സ് ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ ബാലന്‍സ്ഡായി വരുന്നുണ്ട്,’ കൈലാഷ് പറഞ്ഞു

content highlights: Actor Kailash talks about being trolled  for the poster of Mission C Cinema