പുതിയ ചിത്രമായ മിഷന്‍ സിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ടുയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി നടന്‍ കൈലാഷ്. സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നുവെന്നും മഹാനടന്മാരെ കണ്ടുപഠിക്കാന് ശ്രമിക്കുന്നതെന്നും കൈലാഷ് പറഞ്ഞു.
അതേസമയം മനപ്പൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകുമെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു. മിഷന്‍ സിയ്ക്ക് ശേഷമുള്ള ചിത്രത്തിനു വേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി വയനാട്ടിലേക്ക് പോയിരിക്കുകയായിരുന്നെന്നും ഏറെ കഴിഞ്ഞാണ് ട്രോളുകളെ കുറിച്ച് അറിഞ്ഞതെന്നും കൈലാഷ് പറയുന്നു.
സ്നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമേയുള്ളുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കൈലാഷിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞത്. കൈലാഷിനെതിരെ ഉയര്‍ന്ന അധിക്ഷേപ ട്രോളുകളില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
മിഷന്‍ സിയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂരിനും നടന്‍ അപ്പാനി ശരത്തിനും പിന്നാലെ സംവിധായകന്‍ അരുണ്‍ ഗോപിയും വി.എ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും നടന് പിന്തുണയുമായെത്തിയിരുന്നു.
കൈലാഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടന്‍ ചുരം കയറിയത്. ഈ വേളയില്‍, ‘മിഷന്‍ – സി’ എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടര്‍ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.
വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി. നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം.
പക്ഷേ, മനപ്പൂര്‍വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ.
വഴിയരികില്‍ നിറയെ മഞ്ഞ പടര്‍ത്തി കണിക്കൊന്നകള്‍. ‘മഞ്ഞ’യ്ക്കുമുണ്ട് വിവിധാര്‍ത്ഥങ്ങള്‍. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം.
ഏവര്‍ക്കും വിഷു ദിനാശംസകള്‍ ! ഒപ്പം പുണ്യ റംസാന്‍ ആശംസകളും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Kailash replies to trolls against him and Mission C poster