| Wednesday, 18th January 2023, 6:14 pm

'ഇടതുപച്ച' സര്‍ക്കാരിന് കപട നാട്യം; ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് നടന്‍ ജോയ് മാത്യു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാര്‍ത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോയ് മാത്യുവിന്റ പ്രതികരണം.

‘കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കാന്‍ ആകെ ചെയ്യേണ്ടത് മലയാള സിനിമയുടെ അഭിമാനമായ അടൂര്‍ജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക.

കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവല്‍ ജീവി മാത്രവുമായ ശങ്കര്‍ മോഹനെയും കൂട്ടിക്കൊണ്ട് പോവുക-നല്ല പടം പിടിച്ചു
വീണ്ടും പ്രശസ്തനാകുക,’ ജോയ് മാത്യു പറഞ്ഞു.

വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടൂരിനെയോ ഡയറക്ടര്‍ ശങ്കര്‍ മോഹനനേയോ പുറത്താക്കുമെന്ന സ്വപ്നം കാണുകയേ വേണ്ടെന്നും ജോയ്മാത്യു പറഞ്ഞു.

‘വിദ്യാര്‍ത്ഥികളോട് പറയാനുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാര്‍ത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ‘ഇടത്പച്ച’ സര്‍ക്കാര്‍
അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കര്‍ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന് സ്വപ്നം കാണുകയേ വേണ്ട.
എന്തുതന്നെയായാലും ഞാന്‍ വിദ്യാര്‍ഥികളോടൊപ്പമാണ്. സോളിഡാരിറ്റി.

പണ്ട് ‘മുഖാമുഖം ‘എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിര്‍ത്തവരാണ് ഈ ഇടതുപക്ഷം എന്നോര്‍ക്കുമ്പോള്‍ ചിരിയല്ല കരച്ചിലാണ് വരുന്നത്,’ ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം നടത്തുന്നത്. സമരത്തെ പറ്റി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകളും വിവാദത്തിലായിരുന്നു. ജാതി വിവേചനം നടക്കുന്നില്ലെന്നാണ് അടൂര്‍ പറഞ്ഞിരുന്നത്.

അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി ഉള്‍പ്പെടെ സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു.


Content Highlight: Actor Joy Mathew says he is with students in the KR Narayanan Film Institute strike

We use cookies to give you the best possible experience. Learn more