വിനു. വി ജോണിന് ധാര്‍മികമായ പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി: ജോയ് മാത്യു
Kerala News
വിനു. വി ജോണിന് ധാര്‍മികമായ പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി: ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2022, 5:36 pm

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കിയെന്ന് നടന്‍ ജോയ് മാത്യു. വിനു നിര്‍ഭനായ മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം ധാര്‍മിക പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘കുറച്ചുകാലമായി വാര്‍ത്താ ചാനലുകള്‍ ഒന്നും കാണാറില്ലായിരുന്നു. പത്രങ്ങളും ഓണ്‍ലൈനും ആവശ്യത്തിലധികം വാര്‍ത്തകള്‍ തരുന്നുമുണ്ടല്ലോ, അതിനാല്‍ കണക്ഷനും കട്ട് ചെയ്തു. പക്ഷെ ഇന്ന് വീണ്ടും ഞാന്‍ കണക്ഷന്‍ പുതുക്കി, ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല, നിര്‍ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മികമായ പിന്തുണ നല്‍കാന്‍, അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട്,’ ജോയ് മാത്യു പറഞ്ഞു.

ദേശീയ പണിമുടക്കിന്റെ സമയത്ത് നടന്ന ചര്‍ച്ചക്കിടെ ‘സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെ വിമര്‍ശനമുയരുമ്പോഴാണ്‌ ജോയ് മാത്യുവിന്റെ പ്രതികരണം.

അതേസമയം, തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് കരീം ആരോപിച്ചിരുന്നു.

പണിമുടക്ക് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചതാണെന്നും എന്നിട്ടും ജനങ്ങള്‍ വലഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത നല്‍കുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാര്‍ത്തയായി വന്നതെന്നും പണിമുടക്ക് പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാണിച്ചായിരുന്നു എളമരം കരീമിനെതിരായ വിനു വി. ജോണിന്റെ പ്രതികരണം.