| Saturday, 18th June 2022, 10:15 am

ചിന്താശക്തിയുള്ളവരെ ഒറ്റപ്പെടുത്തുന്നതാണ് വ്യാജ കമ്മ്യൂണിസം; പു.ക.സ എന്നാല്‍ പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘമെന്ന് ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പു.ക.സ സംഘടിപ്പിച്ച ശാന്തന്‍ അനുസ്മരണത്തില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്ര്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

‘സത്യം വിളിച്ചു പറയുന്നവരെ, സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്ര്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണ്. അതുകൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ. ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നും പു.ക.സ എന്ന പാര്‍ട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്.

പു.ക.സ എന്നാല്‍ ‘പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക. സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്ര്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ്, ആനന്ദകരവുമാണ്,’ ജോയ് മാത്യു എഴുതി.

അതേസമയം, ഹരീഷ് പേരടിയെ ഉദ്ഘാടനായി തീരുമാനിച്ച കോഴിക്കോട് സംഘടിപ്പിച്ച പു.ക.സയുടെ പരിപാടിയില്‍ നിന്നാണ് നേരത്തെ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നത്. കോഴിക്കോട്ടേക്ക് പുറപ്പെട്ടതിന് ശേഷം പാതിവഴിയില്‍വെച്ച് സംഘാടകര്‍ പരിപാടിയിലേക്ക് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു എന്ന് ഹരീഷ് പറഞ്ഞിരുന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് സംഘാടകര്‍ പറഞ്ഞതെന്ന് ഹരീഷ് പറഞ്ഞിരുന്നു.

തലേദിവസം രാത്രിയും പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഓര്‍മിപ്പിച്ചതിന് ശേഷമാണ് സംഘാടകര്‍ പിറ്റെദിവസം വരേണ്ടതില്ലെന്ന് അറിയിച്ചതെന്നും ഹരീഷ് പറയുന്നു.

നേരത്തെ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെ ഹരീഷ് വിമര്‍ശിച്ചിരുന്നു. മുഖ്യമന്തിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിക്കപ്പെട്ട വിഷയത്തിലും കോണ്‍ഗ്രസ്സിനും സി.പി.ഐ.എമ്മിനുമെതിരെ ഹരീഷ് വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

CONTENT HIGHLIGHTS: Actor Joy Mathew reacts to the omission of actor Harish Perady from the Shanthan memorial organized by Pu.Ka.Sa 

We use cookies to give you the best possible experience. Learn more