കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സര്‍വീസുകളില്‍ ഒന്നായ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു ഉപകാരമായിട്ടാണ് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്നാണ് ജോയ് മാത്യു പറയുന്നത്.
കൊവിഡ് കാലത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യക്കിറ്റുമായി വന്ദേഭരതിനെ താര്യതമ്യം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിനു കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു,’ എന്നാണ് ജോയ് മാത്യു പറഞ്ഞത്.
വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട സംഭവത്തെ മാധ്യമങ്ങള്‍ പ്രഹസനമായി ആഘോഷിക്കുന്നുവെന്ന് വിമര്‍ശനം ഉയരുന്നിരുന്നു. കോട്ടയത്ത് വന്ദേഭാരത് തീവണ്ടിയെ തൊട്ട കുടുംബത്തെ മനോരമ ന്യൂസ് ഇന്റര്‍വ്യൂ ചെയ്ത സംഭവമടക്കം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനവും ട്രോളുകളും ഉയരന്നിരുന്നത്. ഇതിനിടയിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ സര്‍വീസ് ഏപ്രില്‍ 25ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. ശേഷം യാത്രക്കാര്‍ക്ക് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും.