തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ യോഗത്തില്‍ മൈക്ക് കേടായ സംഭവത്തില്‍ പൊലീസ് കേസെടുതില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മൈക്കിന്റെ ചിത്രം പങ്കുവെച്ചാലും മണിപ്പൂരിനെക്കുറിച്ച് എന്താ മിണ്ടാത്തതെന്ന് ചിലര്‍ ചോദിക്കുമെന്ന് ജോയ് മാത്യു പറഞ്ഞു. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നവരെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
‘മൈക്കിന്റെ ചിത്രം കൊടുത്താലും നര്‍മ്മബോധമില്ലാത്ത കാപ്‌സ്യൂള്‍ അടിമകള്‍ കമന്റ് ബോക്‌സില്‍ വന്ന് കുരയ്ക്കും, മണിപ്പൂരിനെക്കുറിച്ച് എന്താ മിണ്ടാത്തതെന്ന്!
ഇവിടെ പാവം പിടിച്ച ഒരു മൈക്കിന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ മണിപ്പൂരിലെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ?
രണ്ടും ഒരേനാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രം
ഭീതിയുടെ തമ്പുരാക്കന്മാര്‍
ഇപ്പോള്‍ രണ്ടുമായില്ലേ,’ ജോയ് മാത്യു പറഞ്ഞു.
അതേസമയം, മൈക്ക് വിവാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ബുധനാഴ്ച തന്നെ അവസാനിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സംസാരിക്കവെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചിത്.
തുടര്‍ന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ മൈക്ക് ഓപ്പറേറ്റര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്തിരുന്നു. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.