| Tuesday, 31st January 2023, 11:17 am

പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ 'ഡോ'കള്‍(ഡോക്ടര്‍) തൂക്കിയിടുന്നവരെ 'പോടോ' എന്ന് വിളിക്കാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലില്ലേ? ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗവേഷണ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെട്ട് അത് പൂര്‍ത്തിയാക്കാന്‍ പാടുപെടുമ്പോള്‍ ചിലര്‍ സൂത്രത്തില്‍ തന്റെ പേരിനൊപ്പം ഡോക്ടറെന്ന് വാലായി ചേര്‍ക്കാന്‍ കഷ്ടപ്പെടുകയാണെന്ന് നടന്‍ ജോയ് മാത്യു. ഇവര്‍ ‘ഡോ’ എന്ന് കഴുത്തില്‍ കെട്ടിത്തൂക്കിയിടുന്ന അല്‍പന്‍മാരാണെന്നും നടന്‍ വിമര്‍ശിച്ചു.

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. എന്നാല്‍ ചിന്ത ജെറോമിന്റെ കാര്യം നടന്‍ പ്രത്യക്ഷമായി പോസ്റ്റില്‍ സൂചിപ്പിക്കുന്നത്.

പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്നവരെ ‘പോടോ’ എന്ന് പറയാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

‘എനിക്ക് നേരിട്ടറിയാവുന്ന മിടുക്കരായ എത്രയോ ഗവേഷണ വിദ്യാര്‍ത്ഥികള്‍ അഞ്ചും പത്തും അതിലധികവും വര്‍ഷമെടുത്ത് ഗവേഷണത്തിലൂടെ നേടിയെടുക്കുന്നതാണ് പി .എച്ച്.ഡി. എന്നിട്ടും പലരും അത് തങ്ങളുടെ പേരിനു മുന്നില്‍ വെക്കുവാന്‍ മടിക്കുന്നു. കാരണം ലളിതം, പി.എച്ച്.ഡിക്കപ്പുറം ഇനിയും പഠിക്കാന്‍ ഒരുപാടുണ്ട് എന്ന് അവര്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണത്. എന്നാല്‍ അല്‍പന്മാരായ പലരും യാതൊരു നാണവുമില്ലാതെ പേരിന് മുമ്പില്‍ ‘ഡോ.’ എന്ന് വെക്കുന്നത് കണ്ടിട്ടുണ്ട്.

എനിക്കെല്ലാം അറിയാം എന്ന അല്‍പന്റെ ഉളുപ്പില്ലായ്മയാണത്. അക്കാദമിക് കാര്യങ്ങള്‍ക്കായി പേരിന് മുന്‍പില്‍ ഒരു ‘ഡോ’ വെച്ചോട്ടെ, അത് മനസ്സിലാക്കാം .
ഇനി ഇതൊന്നുമില്ലാത്ത ഒരു വര്‍ഗമുണ്ട്. അവര്‍ക്ക് ഗവേഷണവും പ്രബന്ധവുമൊന്നും വേണ്ട. കാശുകൊടുത്ത് ‘സര്‍വകലാശാല ‘ എന്ന ഒരു ഉടായിപ്പ് ബോര്‍ഡും വെച്ചിരിക്കുന്ന വിദേശത്തെ ഏതെങ്കിലും കടയില്‍ നിന്നും ലോകത്തില്‍ എവിടെയുമില്ലാത്ത വിഷയത്തില്‍ ഒരു ‘ഡോ’ വാങ്ങിവരും.

ഒന്നിലധികം ‘ഡോ’കള്‍ വാങ്ങുന്ന അല്‍പന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ട്.
പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്ന ഇവരെ
‘ഡോ’ എന്ന് വിളിക്കുന്നതിനു പകരം ‘പോടോ’ എന്ന് പറയാന്‍ കെല്‍പുള്ള കുട്ടികള്‍ കേരളത്തിലില്ലെന്നോ?,’ ജോയ് മാത്യു പറഞ്ഞു.

Content Highlight: Actor Joy Mathew criticize  about add doctor to name Easily

We use cookies to give you the best possible experience. Learn more