ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?;വിമര്‍ശനവുമായി ജോയ് മാത്യു
Malayalam Cinema
ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?;വിമര്‍ശനവുമായി ജോയ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st December 2020, 5:55 pm

കോഴിക്കോട്: കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാത്തതിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മറ്റു സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ തുറക്കുകയും വിവിധ സ്ഥാപനങ്ങള്‍ തുറന്നിട്ടും തിയേറ്റര്‍ തുറക്കാത്തതിനെതിരെയും ഫേസ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം.

വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാമെന്നും ജോയ് മാത്യു ചോദിച്ചു.

സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാമെന്നും ജോയ് മാത്യു പരിഹസിച്ചു. ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോവെന്നും അദ്ദേഹം ചോദിച്ചു.

ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

സിനിമാ തിയറ്റര്‍ മുതലാളിമാരെ എന്തിന് കൊള്ളാം? കോവിഡ് -19 എന്ന മഹാമാരിയെപ്പേടിച്ച് പൊതുയിടങ്ങള്‍ എല്ലാം കൊട്ടിയടച്ച കൂട്ടത്തില്‍ സിനിമാശാലകളും അടച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ തൊഴിലും വരുമാനവും ഇല്ലാത്തവരായി. ഇപ്പോള്‍ കാര്യങ്ങള്‍ നേരെയായിത്തുടങ്ങിയിരിക്കുന്നു.

വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരില്‍ എണ്‍പത് ശതമാനവും വോട്ട് ചെയ്യാനെത്തി. എന്നിട്ടും സിനിമാശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടായിരിക്കാം? തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിയറ്ററുകള്‍ തുറന്ന് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു എന്നാണറിയുന്നത്.

കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാന്‍ കഴിയാതിരുന്ന ബാര്‍ മുതലാളിമാര്‍ക്ക് അമിത വിലയില്‍ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാന്‍ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റര്‍ നടത്തിപ്പുകാരോട് കാണിച്ചുകൂടെ? വിനോദ നികുതിയിനത്തില്‍ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികള്‍ മറന്നുപോയോ? സിനിമാ സംഘടനകള്‍ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവര്‍ അതില്‍ ആരുമില്ലെന്നോ? ഇനിയെങ്കിലും മനസ്സിലാക്കുക ബാര്‍ ഉടമകളില്‍ നിന്നാണ് പലതും പഠിക്കാനുള്ളത്. എങ്ങിനെയാണ് അവര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി സംഘടിപ്പിച്ചത്? ഇതെങ്ങിനെ സാധിച്ചെടുത്തു? ഇതിന്റെ ഗുട്ടന്‍സ് എന്താണ്? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ. അതോ ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Joy Mathew against non-opening of cinema theaters in Kerala