| Monday, 7th February 2022, 6:41 pm

മാര്‍ക്‌സിസമാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിലോസഫി; തോന്നിയതെന്തും പ്രചരിപ്പിക്കാമെന്ന് കരുതി തന്റെ പേരില്‍ വേണ്ട; വിമര്‍ശനവുമായി ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിനെതിരെ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മാര്‍ക്‌സിസത്തെ കുറിച്ച് അബദ്ധധാരണകള്‍ പ്രചരിപ്പിക്കുന്ന പോസ്റ്റിനെതിരെയാണ് ജോയ് മാത്യു രംഗത്തു വന്നിരിക്കുന്നത്.

താന്‍ പറഞ്ഞതായി പ്രചരിക്കുന്ന പോസ്റ്റര്‍ ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ചരക്കാണെന്നും നിങ്ങള്‍ക്ക് തോന്നിയതെന്തും തന്റെ ചെലവില്‍ പ്രചരിപ്പിക്കണ്ടെന്നും ജോയ് മാത്യു പറയുന്നു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

മാര്‍ക്‌സിസം ഒരു ഫിലോസഫിയാണെന്നും അതിനേക്കാള്‍ മികച്ച തത്വശാസ്ത്രം തന്റെ അറിവില്‍ വേറെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

‘മാര്‍ക്‌സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല,’ പോസ്റ്റില്‍ പറയുന്നു.

ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുവാന്‍ പോലും മടിക്കാത്തവര്‍ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലെന്നും, തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അത് തന്റെ പേരില്‍ വേണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

യുവതാരം ധീരജ് ഡെന്നി നായകനാവുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗാ’ണ് ജോയ് മാത്യുവിന്റെതായി ഇനി പുറത്തു വരാനുള്ളത്. ഫാമിലി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശരത് ജി. മോഹനാണ്.

ആദ്യ പ്രസാദാണ് ചിത്രത്തിലെ നായിക.

ഇവര്‍ക്കു പുറമെ, ഇന്ദ്രന്‍സ്, നന്ദു, വിജയകുമാര്‍, റോണി ഡേവിഡ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടു. മാര്‍ക്‌സിസത്തെക്കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല.

മാര്‍ക്‌സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുവാന്‍ പോലും മടിക്കാത്തവര്‍ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് എന്റെ ചെലവില്‍ വേണ്ട.

Content Highlight: Actor Joy Mathew against fake news spreading in his name

We use cookies to give you the best possible experience. Learn more