| Saturday, 8th October 2022, 11:46 am

കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാര്‍ക്ക് തരൂര്‍ അസ്വീകാര്യനാകുന്നത് എന്തുകൊണ്ട്?, ഉപജാപക സംഘത്തിന്റെ തുടര്‍ച്ചയാണ് ഖാര്‍ഗെ: ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പില്‍ ശശി തരൂരിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘എന്തുകൊണ്ട് ശശി തരൂര്‍’ എന്ന് തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അധ്യക്ഷ പദവിയിലേക്കുള്ള മത്സരത്തില്‍ തരൂര്‍ എന്തുകൊണ്ട് വിജയിക്കണം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാര്‍ക്ക് ശശി തരൂര്‍ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് മനസിലാകുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.

കടല്‍ക്കിഴവന്മാര്‍ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോണ്‍ഗസിന് ഇടക്കാലത്ത് ജീവന്‍ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്. ഹൈക്കമാന്റ് എന്ന അവസാന വാക്കില്‍ തീരുന്ന പാര്‍ട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂര്‍ മാറുന്നതോടെ കോണ്‍ഗ്രസിന് ആധുനികനായ, മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുക.

എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്റുവിയന്‍ പിന്തുടര്‍ച്ചയായി കാണാമെങ്കില്‍ കൊട്ടാരത്തിലെ ഉപജാപക സംഘത്തിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലെ നേതാക്കള്‍ പിന്തുണക്കുന്ന ഖാര്‍ഗെയെ കാണാനാവൂ എന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, ശശി തരൂരും മാത്രമാണ് നിലവില്‍ മത്സരരംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തരൂര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ട് ശശി തരൂര്‍

ഞാനൊരു കോണ്‍ഗ്രസുകാരനല്ല; ആയിരുന്നിട്ടുമില്ല.
പക്ഷെ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തെ കാണുക വയ്യ. ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന രാജ്യത്ത് ശക്തമായ പ്രതിപക്ഷം അത്യന്താപേക്ഷിതമായത് കൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി പോലൊന്ന് രാജ്യത്ത് വേണം എന്നാഗ്രഹിക്കുന്നത്.

കടല്‍ക്കിഴവന്മാര്‍ നിയന്ത്രിക്കുന്ന ഒരു പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോണ്‍ഗസിന് ഇടക്കാലത്ത് ജീവന്‍ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്.
എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തില്‍ ശശി തരൂരിനെപ്പോലൊരു സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ ഇവരുടെ അനൗചിത്യം എനിക്ക് മനസിലാകുന്നില്ല.

എതിര്‍ സ്ഥാനാര്‍ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കില്‍ തീരുന്ന പാര്‍ട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂര്‍ മാറുന്നതോടെ കോണ്‍ഗ്രസിന് ആധുനികനായ, മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുക.

രാഹുല്‍ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങള്‍ കോണ്‍ഗ്രസിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശി തരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്‌സ്മാനെ നേതൃത്വത്തില്‍ കൊണ്ടുവരുന്നതോടെ കോണ്‍ഗ്രസിനെ നവീകരിക്കാനുള്ള ഒരു പ്രക്രിയക്കായിരിക്കും അത് ആരംഭം കുറിക്കുക.

എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്റുവിയന്‍ പിന്തുടര്‍ച്ചയായി കാണാമെങ്കില്‍ കൊട്ടാരത്തിലെ ഉപജാപക സംഘത്തിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലെ നേതാക്കള്‍ പിന്തുണക്കുന്ന ഖാര്‍ഗെയെ കാണാനാവൂ.

കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാര്‍ക്ക് ശശി തരൂര്‍ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.
ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകള്‍.

Content Highlight: Actor Joy Mathew About shashi Tharoor’s Candidature in AICC President Election

We use cookies to give you the best possible experience. Learn more