വലിയ സ്റ്റാര്‍വാല്യു ഉള്ളവരുടെ സിനിമക്ക് മാത്രമല്ല മലയാളത്തില്‍ സ്‌പേസ് ലഭിക്കുന്നതെന്നും എല്ലാ സിനിമകള്‍ക്കും സ്‌പേസ് ലഭിക്കുന്നുണ്ടെന്നും നടന്‍ ജോസ്‌കുട്ടി ജേക്കബ്.
തന്റെ പുതിയ സിനിമയായ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇനിമുതല്‍ ഏതെങ്കിലും ഒരു പ്രത്യേകവിഭാഗം സിനിമ മാത്രമേ ഓടുകയുള്ളു എന്നില്ലെന്നും എല്ലാ കാലത്തും എല്ലാ സിനിമകളും ഓടിയിട്ടുണ്ടെന്നും ജോസ്‌കുട്ടി ജേക്കബ് കൂട്ടിചേര്‍ത്തു.
‘വലിയ സിനിമകള്‍ക്ക് മാത്രമല്ല ഇവിടെ സ്‌പേസുള്ളത്. വലിയ സ്റ്റാര്‍വാല്യു ഉള്ളവരുടെ സിനിമക്ക് മാത്രമല്ല മലയാളത്തില്‍ സ്‌പേസ് ലഭിക്കുന്നത്. എല്ലാ സിനിമകള്‍ക്കും സ്‌പേസ് ലഭിക്കും. കാലഘട്ടം മാറിയിട്ടില്ല.
ഒരു സിനിമയെന്ന് പറയുന്നത് എല്ലാവരുടെയും ജീവിതമാണ്. സിനിമക്ക് വേണ്ടി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്കെല്ലാം സിനിമയൊരു വരുമാന മാര്‍ഗമാണ്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം സിനിമ മാത്രമായേ ഇനി ഓടുകയുള്ളു എന്നില്ല. എല്ലാ കാലത്തും എല്ലാ സിനിമകളും ഓടിയിട്ടുണ്ട്. പക്ഷേ അതില്‍ വേണ്ട സിനിമകള്‍ ഏതാണെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. നല്ല ക്വാളിറ്റിയുള്ള സിനിമകളുണ്ടെങ്കില്‍ അതൊക്കെ ഓടിയിട്ടുണ്ട്.
സിനിമക്ക് എന്തെങ്കിലും സംഭവിച്ചത് കൊണ്ട് കുറേപേര്‍ സിനിമയില്‍ നിന്ന് വിട്ടുപോകുന്നു എന്നത് സത്യമല്ല. അതൊക്കെ സംസാരത്തില്‍ മാത്രമേയുള്ളു. സിനിമകളില്‍ ആളുകള്‍ ഇപ്പോഴും വരുന്നുണ്ട്. എല്ലാവര്‍ക്കും അവസരവും സാധ്യതയും ഉണ്ട്.
ബജറ്റ് കുറഞ്ഞ സിനിമയെന്നോ ബജറ്റ് കൂടിയ സിനിമയെന്നോ ഇല്ല. അങ്ങനെ താരതമ്യം ചെയ്ത് സിനിമ കാണുന്നവരില്ല. ബജറ്റ് കൂടിയ സിനിമ കാണാന്‍ ഒരു മാസ് ഓഡിയന്‍സുണ്ട് എന്നത് സത്യമാണ്. എന്നുകരുതി ചെറിയ സിനിമകള്‍ക്ക് ഇവിടെ സ്‌പേസില്ല എന്നല്ല. നല്ല സിനിമകള്‍ എപ്പോള്‍ ഇറങ്ങിയാലും ആളുകള്‍ കാണുകതന്നെ ചെയ്യും,’ ജോസ്‌കുട്ടി ജേക്കബ് പറയുന്നു
ഇപ്പോള്‍ പുതിയ നിര്‍മാതാക്കള്‍ക്ക് പലര്‍ക്കും സിനിമ ചെയ്ത ശേഷം തിയേറ്ററോ ഒ.ടി.ടിയോ ലഭിക്കുന്നില്ല. സിനിമ ചെയ്തിട്ടും അത് റിലീസ് ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം കിട്ടുന്നില്ല. അങ്ങനെയുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് താരമിത് പറഞ്ഞത്.
Content Highlight: Rani Chithira Marthanda Actor Jose Kutty Jacob Talks About Malayalam Movies