| Friday, 1st November 2019, 11:24 am

'എടാ ബിനീഷേ കേറിവാടാ'; അന്ന് ജോജു വിളിച്ചു സ്റ്റേജില്‍ കയറ്റി; അനുഭവം പങ്ക് വച്ച് നടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പഴയ ഒരു സംഭവം ഓര്‍മ്മിച്ച് നടന്‍ പ്രതാപന്‍ കെ.എസ്.

‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വെച്ച് നടക്കവേ ചടങ്ങില്‍ അല്പം വൈകിയെത്തിയ ബിനീഷ് സദസില്‍ ആളുകള്‍ക്കിടയില്‍ ഇരുന്നതും വേദിയില്‍ അത്രയും തിരക്കുകള്‍ക്കിടയില്‍ നിന്നിരുന്ന നായകന്‍ ‘ജോജു ‘ സദസിലിക്കുന്ന ബിനീഷിനോട് ‘ കേറി വാടാ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സംഭവവുമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പ്രതാപന്‍ കെ.എസിന്റെ കുറിപ്പ്…

പൊറിഞ്ചു മറിയം ജോസ്,, നൂറാം ദിവസത്തിലേക്ക് എത്തി നില്‍ക്കുകയാണ് ,കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ പടത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ ലുലു മാളില്‍ വച്ചാണ് നടന്നത്, വലിയ സദസ്, വലിയ ആളുകള്‍, ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ ഞാനും പോയി, അവിടെ വച്ചാണ് ബിനീഷിനെ ആദ്യമായ് നേരില്‍ക്കാണുന്നത്, ചടങ്ങ് തുടങ്ങിക്കഴിഞ്ഞാണ് ബിനീഷ് അവിടേക്ക് വന്നത്.

അപ്പോള്‍ വേദിയില്‍ ജോഷി സാര്‍ ഉള്‍പ്പടെയുള്ള വലിയ ആളുകള്‍ ആയിരുന്നു. ബിനീഷ് സദസ്സില്‍ ഒരു മിഡില്‍ ലൈനിനലാണ് വന്നിരുന്നത്, തൊട്ടരികത്തിരുന്നവരോട് ബിനീഷിന് മാത്രം കഴിയുന്ന രീതിയില്‍ നിഷ്‌കളങ്കമായി സന്തോഷവാനായി സംസാരിച്ച് കൊണ്ടിരുന്നു. വേദിയില്‍ അത്രയും തിരക്കുകള്‍ക്കിടയില്‍ നിന്നിരുന്ന നായകന്‍ ‘ജോജു ‘ സദസിലെ ബിനീഷി നോട് ഉറക്കെ വിളിച്ചു പറഞ്ഞു. ‘ ടാ ബിനീഷേ കേറി വാടാ ..’.ബിനീഷ് ആ വലിയ വേദിയിലേക്ക് കയറി നിഷ്‌കളങ്കമായി സംസാരിച്ചു.

ചില ആളുകള്‍ വലിയവരാകുന്നതും കൂടെ നില്‍ക്കുന്നവര്‍ക്ക് വലം കൈ കൊടുക്കുന്നതും അങ്ങിനെയാണ്. മനുഷ്യത്വം, സ്‌നേഹം, പ്രണയം, നിലപാട്, ഇതൊക്കെ ഉറവ പോലെയാണ്, വിഷം കലരാത്ത മുലപ്പാല്‍ പോലെ അത് പകരാന്‍ കഴിയണം. അല്ലെങ്കില്‍ ഒരാളും നമ്മളെ നശിപ്പിക്കാനോ പ്രതികാരം ചെയ്യാനോ വരില്ല. പകരം നമ്മളെ അത് തിന്ന് തീര്‍ക്കും ഒരു അടയാളവും അവശേഷിപ്പിക്കാതെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അല്ലയോ പ്രിന്‍സിപ്പാളെ നീയൊക്കെ പഠിപ്പിച്ചാല്‍ എത്ര കുട്ടികള്‍ക്ക് ഡോക്ടര്‍ എന്ന മഹത്തായ പദം പേരിന് മുന്‍പില്‍ വക്കാന്‍ പറ്റും. ( ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആളല്ല കേട്ടോ ) എന്റെ ഡോക്ടര്‍ അനിയന്‍മാരെ അനിയത്തിമാരെ നിങ്ങളൊക്കെ എന്തിനാ പഠിക്കുന്നത്?

തൊട്ടടുത്തല്ലെ വാളായര്‍. കുഞ്ഞി കുഞ്ഞി സാധനങ്ങള്‍ ചെക്ക് പോസ്റ്റ് കടത്തിജീവിച്ചൂടെ? അവസാന ചോദ്യം യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐക്കാരോട് ആണ്. നിങ്ങളൊക്കെ ഇടക്ക് ഇടക്ക് പറയുന്ന ഒരു വാക്കുണ്ടല്ലോ, സോഷ്യലിസം, അത് എന്ത് കുന്ത്രാണ്ടമാണെന്ന് തൊട്ടടുത്തുള്ള വായനശാലയിലോ യൂണിയന്‍ ആപ്പീസിലൊ ചെന്ന് ചോദിക്ക്. എന്നിട്ട് അവര്‍ പറഞ്ഞ് തരുന്ന ഉത്തരം മനസിലായില്ല എങ്കില്‍ ഇമ്പോസിഷന്‍ എഴുതി പഠിക്ക്, വിധിയുണ്ടെങ്കില്‍ ഏതെങ്കിലുമൊരു പ്രായത്ത് / കാലത്ത് മനസിലാകും. വേറെ ഒന്നും ഒന്നും ഇതില്‍ പറയാനില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more