കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജി. ജോസഫിന്റെ ജാമ്യഹരജി കോടതി തള്ളി. എറണാകുളം ജെ.എഫ്.സി.എം കോടതിയാണ് തള്ളിയത്.
മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയ ശേഷമാണ് വഴി തടഞ്ഞതെന്ന് പ്രതി ജോസഫിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വഴിതടയലില്‍ കുടുങ്ങിയവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടന്‍ അഭിനയിക്കേണ്ടത് റോഡില്‍ അല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
വഴിതടയല്‍ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെന്നും കോടതി പരിഗണിച്ചില്ല.
ജോസഫിന്റെ ജാമ്യഹരജിയില്‍ ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അതേസമയം വിവാദങ്ങളില്‍ ഒത്തുതീര്‍പ്പിനില്ലെന്നാണ് ജോജു ജോര്‍ജിന്റെ നിലപാട്. ജോജുവിന്റെ അഭിഭാഷകനായ രഞ്ജിത്ത് മാരാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ട്. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം’- അഡ്വ. രഞ്ജിത്ത് മാരാര്‍ പറഞ്ഞു.
ഒത്തുതീര്‍പ്പിന് ചില വ്യവസ്ഥകള്‍ ജോജു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നാണ് ജോജു ജോര്‍ജിന്റെ നിലപാട്.
സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞു എന്നതുള്‍പ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോണ്‍ഗ്രസ് ജോജുവിനെതിരെ ഉയര്‍ത്തിയിരുന്നത്.
ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Joju George vehicle attack accused bail denied