കൊച്ചി : ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് കോടതിയെ സമീപിക്കുന്നു.
കേസില്‍ കക്ഷിചേരാന്‍ നടന്‍ ജോജു ജോര്‍ജ് ഹരജി നല്‍കി. സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി എന്നാണ് റിപ്പോര്‍ട്ട്.
കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജി. ജോസഫിന്റെ ജാമ്യഹരജിയിലാണ് ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അതേസമയം, പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീര്‍പ്പുകള്‍ക്കൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു.
എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തതെന്നും സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞിരുന്നു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actor Joju George to court, Congress issue