| Tuesday, 24th October 2023, 1:49 pm

ഞാന്‍ ജോഷി സാറിനോട് പറഞ്ഞില്ല; പറഞ്ഞാല്‍ എന്നെ അവിടെത്തന്നെ കുഴിക്കുത്തി കുഴിച്ചിടും: ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്ക് വന്ന്, ഇന്ന് മലയാളത്തില്‍ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് ജോജു ജോര്‍ജ്. താരം സംവിധായകന്‍ ജോഷിയുടെ ‘പ്രജ’യെന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു.

‘ജോഷി സാറിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു ഞാന്‍. ജോഷി സാറിന്റെ സിനിമയുടെ ലൊക്കേഷനില്‍ ഒരു റൗണ്ട് വരക്കും അതിനപ്പുറത്തേക്ക് സ്റ്റീല്‍ ക്ലാസില്‍ ചായ കുടിക്കുന്ന കുറച്ചാളുകള്‍ ഉണ്ടാവും.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ മെച്ചപ്പെട്ട റോളുകളാണ് എനിക്ക് കിട്ടിയിരുന്നത്. സ്‌ക്രീനില്‍ മുഖം വ്യക്തമായി കാണുന്ന റോളുകളാണ് ഓരോന്നും. ‘പ്രജ’യെന്ന പടത്തിലായിരുന്നു അത്തരത്തില്‍ ആദ്യമായി അവസരം കിട്ടുന്നത്.

പ്രജയില്‍ പൊലീസ് യൂണീഫോമിട്ട് സ്ലോമോഷനില്‍ നടന്ന് വന്ന് മന്ത്രിയായ എന്‍.എഫ് വര്‍ഗീസേട്ടന്റെ മുന്നില്‍ സല്യൂട്ട് ചെയ്യുന്നതാണ് സീന്‍. സല്യൂട്ട് അടിച്ച ശേഷം തിരിച്ചു പോകണം. അത്രമാത്രമെയുള്ളു ആ സീന്‍. പിന്നെ ചില സീനുകളില്‍ അതുവഴി നടന്ന് പോകുന്നതാണ് ഉള്ളത്.

ഈ ഷോട്ടില്‍ മുഖം കാണിക്കാനുള്ള കൊതിയില്‍ നില്‍ക്കുകയും അത് മര്യാദയ്ക്ക് ചെയ്യാന്‍ പറ്റാതെ പോയതില്‍ ജോഷി സാറിന്റെ ചീത്തവിളി കേള്‍ക്കുകയും ചെയ്തു. ഇവനൊക്കെ ഇതെവിടുന്നാണ് വരുന്നതെന്ന ലെവലിലായിരുന്നു അത്.

ഞാന്‍ കാരണം ആ ഷോട്ട് റീടേക്ക് പോയി. ഷോട്ടില്‍ ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. സത്യത്തില്‍ അതെന്റെ മിസ്റ്റേക്ക് അല്ലായിരുന്നു. ഞാന്‍ ഈ വേഷം കിട്ടിയതിന്റെ എക്‌സൈറ്റ്‌മെന്റില്‍ ആയിരുന്നു. ഞാന്‍ നടന്ന് വരുന്നു, ഒരു പൊസിഷനില്‍ നില്‍ക്കുന്നു, സല്യൂട്ടടിക്കുന്നു.

ഞാന്‍ ഒറ്റക്ക് വന്ന് സല്യൂട്ടടിക്കുന്നതല്ല സീന്‍. സല്യൂട്ടടിക്കുന്ന കുറേ ആളുകളുടെ കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. പറയുമ്പോള്‍ നിങ്ങള്‍ ഞാന്‍ മാത്രമാണെന്ന് വിചാരിക്കരുത്. എന്നാല്‍ ആ ഷൂട്ടിങ്ങിന്റെ ഇടയില്‍ ഞാന്‍ സല്യൂട്ടടിക്കുമ്പോള്‍ എന്‍.എഫ് വര്‍ഗീസേട്ടനെ കവര്‍ ചെയ്തു.

കവര്‍ ചെയ്തതോടെ ചേട്ടനെ ക്യാമറയില്‍ കാണാതായി. ജോഷി സാര്‍ ദേഷ്യപ്പെട്ടു. എന്‍.എഫ് വര്‍ഗീസേട്ടന്‍ കുറച്ച് മുന്നോട്ട് കയറി നിന്നത് കാരണമായിരുന്നു ഇത് സംഭവിച്ചത്. പക്ഷെ എനിക്കത് പറയാന്‍ പറ്റില്ല.

ഞാനല്ല ഇദ്ദേഹമാണ് തെറ്റിച്ചതെന്ന് പറഞ്ഞാല്‍ പിന്നെ എന്താണ് നടക്കുകയെന്ന് പറയണ്ടല്ലോ. ചിലപ്പോള്‍ അവിടെത്തന്നെ കുഴിക്കുത്തി കുഴിച്ചിടും. കാരണം ഭയങ്കര സീരിയസായിട്ടാണ് അവിടെ ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Actor Joju George Talks About Director Joshiy

We use cookies to give you the best possible experience. Learn more