|

എന്ത് പറയണമെന്നറിയില്ല, നായാട്ടിന് എനിക്ക് കിട്ടിയ ആദ്യത്തെ അവാര്‍ഡ്; രാജ്കുമാര്‍ റാവുവിനോട് ജോജു ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിലെ തന്റെ പ്രകടനത്തെ അഭിനന്ദിച്ച ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന് മറുപടിയുമായി ജോജു ജോര്‍ജ്. നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി രാജ്കുമാറിന്റെ അഭിനന്ദനത്തെ കാണുന്നുവെന്ന് ജോജു പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം.

‘എന്താ പറയേണ്ടത് എന്ന് അറിയില്ല. വളരെയധികം സന്തോഷം തോന്നുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനില്‍ നിന്ന് ഇങ്ങനയൊരു അഭിനന്ദനം കിട്ടിയതില്‍ സന്തോഷിക്കുന്നു. സന്തോഷം കാരണം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നായാട്ടിന് ലഭിച്ച ആദ്യത്തെ അവാര്‍ഡായി ഈ വാക്കുകളെ കാണുന്നു. ഒരുപാട് നന്ദി രാജ്കുമാര്‍ റാവു,’ ജോജു ഇന്‍സ്റ്റഗ്രാമിലെഴുതി.

നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് രാജ്കുമാര്‍ റാവു രംഗത്തെത്തിയിരുന്നു. എന്തൊരു മികച്ച പ്രകടനമാണ് നിങ്ങളുടേതെന്നാണ് രാജ്കുമാര്‍ റാവു ജോജുവിനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാജ്കുമാറിന്റെ പ്രതികരണം.

‘എന്തൊരു മികച്ച പ്രകടനമായിരുന്നു സര്‍ നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരം പെര്‍ഫോമന്‍സിലൂടെ ഞങ്ങളെപ്പോലുള്ളവരെ ഇനിയും അതിശയിപ്പിച്ചു കൊണ്ടിരിക്കുക’, രാജ്കുമാര്‍ റാവു ഇന്‍സ്റ്റഗ്രാമിലെഴുതി.

ജോജു തന്നെയാണ് ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്. ചിത്രത്തില്‍ മണിയന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ വേഷമായിരുന്നു ജോജുവിന്റേത്.

പൊലീസിന്റെ ദൈനംദിന പ്രവൃത്തികളും വ്യക്തി ജീവിതവും മുതല്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദവും രാഷ്ട്രീയക്കാരുടെ വെറും കളിപ്പാവകളായി മാറേണ്ടി വരുന്ന അവസ്ഥയുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ പൊലീസ് നടത്തുന്ന നിയമവിരുദ്ധമായ അറസ്റ്റുകള്‍ മുതലുള്ള പ്രവൃത്തികളും ചിത്രത്തിലുണ്ട്.

നായാട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Actor Joju George Replies To RajkumarRao

Latest Stories