കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ പാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. ജോജുവിന്റെ അഭിഭാഷകനായ രഞ്ജിത്ത് മാരാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ട്. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം’- അഡ്വ. രഞ്ജിത്ത് മാരാര്‍ പറഞ്ഞു.
ഒത്തുതീര്‍പ്പിന് ചില വ്യവസ്ഥകള്‍ ജോജു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നാണ് ജോജു ജോര്‍ജിന്റെ നിലപാട്.
സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞു എന്നതുള്‍പ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോണ്‍ഗ്രസ് ജോജുവിനെതിരെ ഉയര്‍ത്തിയിരുന്നത്.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.