കൊച്ചി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ റോഡ് ഉപരോധിച്ച 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വി.ജെ.പൗലോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി.
വി.പി.സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.
ദേശീയപാത ഉപരോധിച്ചതിനും നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം ജോജുവിന്റെ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.
അതേസമയം സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.