|

സിനിമാക്കാര്‍ രാഷ്ട്രീയ സമരങ്ങളില്‍ കക്ഷി ചേരരുത്; ജോജുവുമായുള്ള ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് ബി. ഉണ്ണികൃഷ്ണനെന്ന് ടോണി ചമ്മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെന്ന് കൊച്ചി മുന്‍ മേയറും കേസിലെ ഒന്നാം പ്രതിയുമായ ടോണി ചമ്മണി. കേസില്‍ കീഴടങ്ങാനായി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ കക്ഷികള്‍ സമരം നടത്തുമ്പോള്‍ അതില്‍ സിനിമാ പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്. അവര്‍ സിനിമാക്കാര്യങ്ങളാണ് നോക്കേണ്ടത്,’ ടോണി ചമ്മണി പറഞ്ഞു.

ജോജു സി.പി.ഐ.എമ്മിന്റെ ചട്ടുകമായി മാറി വ്യാജ പരാതി കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഹരി മരുന്നു കേസിലോ സ്വര്‍ണക്കടത്തിലോ അല്ല പ്രതിയായതെന്നും ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.