| Monday, 30th May 2022, 7:42 pm

വാഗമണ്‍ ഓഫ് റോഡ് റേസ് കേസ്; ജോജു ജോര്‍ജ് 5,000 രൂപ പിഴയടച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കി വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജ് മോട്ടര്‍ വാഹന വകുപ്പില്‍ 5,000 രൂപ പിഴയടച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്.

ഇടുക്കി ആര്‍.ടി.ഒ ഓഫീസിലാണ് പിഴയടച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റൈഡില്‍ പങ്കെടുത്തതിനുമാണ് പിഴ. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ജോജു ഉറപ്പ് നല്‍കി.

റൈഡില്‍ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു ജോജുവിന്റെ മൊഴി. മൊഴി പരിഗണിച്ചാണ് ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍ അറിയിച്ചു.

അതേസമയം, കേസില്‍ നാല് പേര്‍ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ് ജോജു ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നടന്‍ ഓഫ് റോഡ് റേസിംഗ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിനിടെ പരിപാടിയില്‍ പങ്കെടുത്ത 12 പേര്‍ക്ക് വാഗമണ്‍ പൊലീസ് നോട്ടീസയച്ചു. സംഭവത്തില്‍ കഴിഞ്ഞ
ഞായറാഴ്ച ജോജു ആര്‍.ടി.ഒ ഓഫീസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയിരുന്നു.

CONTENT HIGHLIGHTS:  Actor Joju George fined Rs 5,000 in Idukki Vagamon off road race case

We use cookies to give you the best possible experience. Learn more