ഇന്ധന വിലവര്‍ധനക്കെതിരെ സമരം ചെയ്യാനുള്ള രാഷ്ട്രീയവും ധാര്‍മികവുമായ അവകാശം കോണ്‍ഗ്രസിനില്ലെന്നും കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ ഇന്ധന വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയത് കാരണമാണ് വില അടിക്കടി കൂടുന്നതെന്നും റഹീം കുറ്റപ്പെടുത്തി.
‘ഇന്ധന വിലവര്‍ധന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഏത് ജനകീയ വിഷയമുയര്‍ത്തിയുള്ള സമരമാണെങ്കിലും ശരി അത് പരമാവധി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് കുറച്ച് നടത്താനുള്ള ഉത്തരവാദിത്തം അത് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്,’ റഹീം പറഞ്ഞു.
പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് അവരല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ത്തത്. അല്ലെങ്കില്‍ എത്രയോ വാഹനങ്ങള്‍ അവിടെ നിന്നിട്ടില്ലേ.
മറ്റേതെങ്കിലും വാഹനത്തിന്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകര്‍ത്തെങ്കില്‍ അതൊരു ജനരോഷത്തിന്റെ ഭാഗമല്ലേ, സ്വാഭാവികമല്ലേ, അതിലെന്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.