കൊച്ചി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനിടെ നടന്ന സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലീസ്.
നടന്‍ ജോജു ജോര്‍ജില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് നീക്കം. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും. അതിന് ശേഷമായിരിക്കും കൂടുതല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.
നിലവില്‍ രണ്ട് കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഒന്ന് വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ടും മറ്റൊന്ന് തന്റെ കാര്‍ തകര്‍ത്ത്, ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിലുമാണ് കേസ്.
ഇന്നലെ കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു കേസ്. പ്രതികള്‍ ആരൊക്കെയെന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ജോജുവിനെ വിളിച്ചുവരുത്തി കൂടുതല്‍ മൊഴിയെടുക്കുന്നത്.
പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്.
ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.