ജോസഫ് സിനിമ കണ്ട് മമ്മൂട്ടി തനിക്ക് മെസേജ് അയച്ചിരുന്നുവെന്ന് നടന്‍ ജോജു ജോര്‍ജ്. വെറും രണ്ട് വരിയുള്ള മെസേജാണെങ്കിലും താന്‍ വന്ന വഴിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആ മെസേജിന് ഒരുപാട് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയും അഭിനവും നന്നായിട്ടുണ്ടെന്നാണ് അന്ന് മമ്മൂട്ടി അയച്ച മെസേജെന്നും അതിന് ശേഷം താന്‍ അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞു. മമ്മൂട്ടിയെക്കുറിച്ച് ജോജു മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
”അത് ഭയങ്കര രസമായിരുന്നു. മമ്മൂക്കയുടെ ഒരു മെസേജ് വന്നു. കൊള്ളാം, പടവും നടിപ്പും എന്നായിരുന്നു മെസേജ്. ഞാന്‍ അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെച്ചിരിക്കുകയാണ്. ഇക്കാന്റെ ആ മെസേജ് ഇപ്പോഴും ഞാന്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്.
ആ മെസേജ് കാണുമ്പോള്‍ രണ്ട് വരിയെ ഉള്ളൂ. പക്ഷെ ഞാന്‍ വന്ന വഴിയിലൂടെ നോക്കുമ്പോള്‍ വലിയ അര്‍ത്ഥമുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ മമ്മൂക്ക പറഞ്ഞ ഒരു വാചകമുണ്ട്. വിജയം നമുക്ക് ഹാന്റില്‍ ചെയ്യാന്‍ പറ്റണം. പുള്ളിയുടെ സംസാര ഭാഷയില്‍ വന്ന ചെറിയ ഒരു ഡയലോഗാണത്.
ഞാന്‍ രണ്ട് മൂന്ന് വര്‍ഷം സിനിമയില്‍ ഉണ്ടാവാന്‍ ചാന്‍സ് ഉണ്ടോയെന്ന് വെറുതെ മമ്മൂക്കയോട് ചോദിച്ചിരുന്നു. മമ്മൂക്ക ചിരിച്ചിട്ട് എന്നോട് അദ്ദേഹത്തിന്റെ ഒരു കാര്യം പറഞ്ഞു. ഡാ ഞാന്‍ ആകെ ഒരുവര്‍ഷമെങ്കിലും നില്‍ക്കണമെന്ന് വിചാരിച്ചിട്ടാണ് സിനിമയില്‍ വന്നത്. വളരെ സിമ്പിളായിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
എന്നിട്ട് എനിക്ക് ചെറിയ ഉപദേശം ഒക്കെ തന്നു. അതില്‍ ഒന്നാണ് വിജയം ഹാന്റില്‍ ചെയ്യാന്‍ പഠിക്കണമെന്നത്. അത് വലിയൊരു കാര്യമാണ്. എനിക്ക് ലോട്ടറി അടിച്ച് കഴിഞ്ഞിട്ട് എനിക്ക് വട്ടായി പോയിട്ട് വല്ല കാര്യവും ഉണ്ടോ. അതുകൊണ്ട് തന്നെ സിനിമ വിജയിക്കുന്നത് വിജയമായിട്ട് ഞാന്‍ എടുത്തിട്ടില്ല,” ജോജു പറഞ്ഞു.
content highlight: actor joju george about mammootty