ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി രോഹിത്ത് എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോസഫ്. സിനിമ ഹിറ്റായതിനെക്കുറിച്ച് പറയുകയാണ് ജോജു. ജോസഫ് ഇറങ്ങിയ സമയത്ത് പെരുമഴയായിരുന്നുവെന്നും ആദ്യ ദിവസം ഒന്നേകാല്‍ ലക്ഷം രൂപയാണ് കളക്ഷന്‍ കിട്ടിയതെന്നും ജോജു പറഞ്ഞു.
രണ്ടാമത്തെ ദിവസം ഹര്‍ത്താലായി വീണ്ടും കളക്ഷന്‍ കിട്ടാതായെന്നും എന്തു ചെയ്യുമെന്ന് ആലോചിച്ച് നിന്നപ്പോഴാണ് മാലാഖമാരെ പോലെ കുറേപേര്‍ ഞായറാഴ്ച ചിത്രം കാണാനായി എത്തിയതെന്നും അവരാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പുറത്തെത്തിച്ചതെന്നും ജോജു പറഞ്ഞു. ഇരട്ട എന്ന പുതിയ ചിത്രത്തിന്റെ പ്രസ്മീറ്റില്‍ വെച്ചാണ് ജോജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ജോസഫ് എന്ന സിനിമ ഇറങ്ങിയ സമയത്ത് ഭയങ്കര പെരുമഴയായിരുന്നു. വെറും ഒന്നേകാല്‍ ലക്ഷം രൂപയാണ് അന്ന് കളക്ഷന്‍ കിട്ടിയത്. തീരുമാനമായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സെക്കന്റ് ഡേ അടിപൊളിയൊരു ഹര്‍ത്താല്‍ വരുന്നത്.
അതും കഴിഞ്ഞ് അന്ന് വൈകുന്നേരം ഏകദേശം അതുപോലെ തന്നെ പോയി. ഇരട്ടയുടെ ടീം തന്നെയാണ് അന്നും ഉള്ളത്. അവരുമായിട്ട് എന്ത് ചെയ്യുമെന്ന് ആലോചിച്ച് ഞാന്‍ ചര്‍ച്ച ചെയ്തു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഞായറാഴ്ച മാലാഖമാരെ പോലെ കുറേ പേര്‍ സിനിമ കാണാന്‍ കേറിയത്. അവരാണ് പരസ്പരം പറഞ്ഞ് ആ ഒരു ലക്ഷത്തില്‍ നിന്ന് ആ ആഴ്ച 35ലക്ഷത്തിലേക്ക് എത്തിക്കുന്നത്.
എന്റെ സിനിമ കണ്ടിട്ട് ഇഷ്ടപ്പെടാത്ത ഒരുപാട് പേരുണ്ടാകും പക്ഷെ ഇഷ്ടപ്പെട്ട കുറച്ച് പേരുണ്ട്. അവര്‍ക്ക് ഇരട്ടയും ഇഷ്ടപ്പെടും. അന്ന് കിട്ടിയ കയ്യടിയുടെ ബലത്തിലാണ് ഇരട്ട പോലെ ഒരു സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിക്കാനുള്ള കാരണം,” ജോജു ജോര്‍ജ് പറഞ്ഞു.
ഇരട്ടയാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ജോജുവിന്റെ പുതിയ ചിത്രം. ജോജുവിനെ കേന്ദ്രകഥാപാത്രമാക്കി എം.ജി. കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട.
content highlight: actor joju george about joseph movie