ഇരട്ടയില്‍ താനല്ലായിരുന്നു അഭിനയിക്കേണ്ടിയിരുന്നതെന്ന് നടന്‍ ജോജു ജോര്‍ജ്. തന്നോട് കഥ പറയുന്ന സമയത്ത് ഇരട്ടിയില്‍ ഡബിള്‍ റോള്‍ ഇല്ലായിരുന്നുവെന്നും ജോജുവിനെ കൂടാതെ മറ്റൊരു നടനായിരുന്നു രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതെന്നും ജോജു പറഞ്ഞു.
രാത്രി തനിക്ക് തോന്നിയ ഒരു കാര്യം സംവിധായകനുമായി സംസാരിച്ചുവെന്നും അതിന് ശേഷമാണ് ഈ കഥ ഈ രീതിയില്‍ ചൂട് പിടിച്ചതെന്നും ജോജു പറഞ്ഞു. ഇരട്ട സിനിമയുടെ പ്രസ്മീറ്റില്‍ വെച്ചാണ് ജോജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”രോഹിത്ത് എന്നോട് പറഞ്ഞത് ഇരട്ടയിലെ ക്ലൈമാക്‌സാണ് സിനിമയില്‍ ഹോണ്ട് ചെയ്ത് നിര്‍ത്തുകയെന്നാണ്. ശരിക്കും ഞാനല്ലായിരുന്നു ഇരട്ടയില്‍ അഭിനയിക്കേണ്ടത്. ഇരട്ടയില്‍ ഡബിള്‍ റോളും ഉണ്ടായിരുന്നില്ല. കഥ പറഞ്ഞപ്പോള്‍ വേറെ ആളായിരുന്നു അഭിനയിക്കേണ്ടത്. ഇതിലെ ഒരു കഥാപാത്രം ഞാനും മറ്റേ കഥാപാത്രം വേറെ ഒരാളുമായിരുന്നു.
കൊറോണ സമയത്ത് ഇനി എന്ത് എന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് ഈ കഥ വരുന്നത്. കിട്ടിയ ഒരു ചാന്‍സ് ഇതിലെ ക്ലൈമാക്‌സായിരുന്നു. അങ്ങനെയാണ് അന്ന് രാത്രി ഞാന്‍ ഇതിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരാള്‍ ആയാല്‍ എങ്ങനെ ഇരിക്കുമെന്ന് രോഹിത്തിനോട് ചോദിച്ചത്. പിന്നെ അവിടെ നിന്നാണ് ഇത് ചൂട് പിടിച്ചത്,” ജോജു പറഞ്ഞു.
നല്ല സിനിമയാണെങ്കില്‍ ഒരു മാര്‍ക്കറ്റിങ്ങിന്റെയും ആവശ്യമില്ലെന്നും ഒരാഴ്ചയില്‍ ഒരുപാട് സിനിമകള്‍ ഇറങ്ങുന്നതാണ് ഇവിടത്തെ പ്രശ്‌നമെന്നും ജോജു പറഞ്ഞു. സിനിമ ആളുകളിലേക്ക് എത്തിക്കാനുള്ള സമയം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
”ശരിക്കും പറഞ്ഞാല്‍ നല്ല സിനിമയാണെങ്കില്‍ ഒരു മാര്‍ക്കറ്റിങ്ങും ഇല്ലാതെ സിനിമ ചര്‍ച്ചയാകുന്ന സ്ഥലമാണ് നമ്മുടേത്. പക്ഷെ ഇവിടെ ഒരു പ്രശ്‌നം ഉണ്ട്. ഒരാഴ്ചയില്‍ ഒരുപാട് റിലീസുകള്‍ ഇവിടെ നടക്കുന്നുണ്ട്. അതാണ് ഇവിടത്തെ പ്രശ്‌നം.
നമ്മുടെ സിനിമയുടെ ക്വാളിറ്റി ആളുകളിലേക്ക് എത്തിക്കാനുള്ള സമയം വളരെ കുറവാണ്. കുറഞ്ഞ സമയത്തിന് ഉള്ളില്‍ നമ്മുടെ വര്‍ക്ക് ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. അല്ലാത്തപ്പോള്‍ ഒ.ടി.ടിയില്‍ വരുമ്പോഴാണ് ആളുകള്‍ പറയുക. ചിലര്‍ പറയാറുണ്ട് എന്ത് നല്ല സിനിമയാണ് തിയേറ്ററില്‍ മിസ് ആയി എന്നൊക്കെ. ഇരട്ട തിയേറ്ററില്‍ കാണേണ്ട സിനിമാണ്,” ജോജു ജോര്‍ജ് പറഞ്ഞു.
അതേസമയം, ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട. ഫെബ്രൂവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്.
content highlight: actor joju george about iratta movie