| Thursday, 10th August 2023, 4:48 pm

നാല് ടേക്കും ശരിയാകാതെ വന്നപ്പോള്‍ മമ്മൂക്ക എന്നെ കൂട്ടിക്കൊണ്ടു പോയി ഒരു കാര്യം പറഞ്ഞു; മമ്മൂക്കയ്ക്ക് ചിലപ്പോള്‍ ഓര്‍മകാണില്ല: ജോജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മമ്മൂട്ടി തന്നെ സംബന്ധിച്ച് ആരാണെന്നും തന്റെ ജീവിതം മാറ്റിമറിച്ചതില്‍ അദ്ദേഹത്തിനുളള പങ്ക് എന്താണെന്നും പറയുകയാണ് നടന്‍ ജോജു ജോര്‍ജ്. സിനിമയില്‍ ആരുമില്ലാതിരുന്ന കാലത്ത് തന്നെ ചേര്‍ത്തുപിടിച്ച വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം ചെയ്തുതന്ന കാര്യങ്ങളൊന്നും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നുമാണ് ജോജു പറയുന്നത്.

ആനന്ദ് ഫിലിം അവാര്‍ഡ് വേദിയില്‍ മമ്മൂട്ടിയെ വേദിയില്‍ നിര്‍ത്തിയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചില കഥകള്‍ ജോജു പങ്കുവെച്ചത്. മമ്മൂട്ടി സദസിലുണ്ടെന്ന് അറിയാതെയാണ് ജോജു സംസാരം തുടങ്ങുന്നത്. മമ്മൂക്ക ഈ വേദിയില്‍ വേണമായിരുന്നെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം താന്‍ ആഗ്രഹിച്ചിരുന്നെന്നും പറഞ്ഞാണ് ജോജു സംസാരിച്ച് തുടങ്ങിയത്. അല്പം കഴിഞ്ഞ് സസ്‌പെന്‍സിട്ടാണ് മമ്മൂട്ടി വേദിയിലേക്ക് കയറിവന്നത്. സന്തോഷം കൊണ്ട് തുടര്‍ന്നു സംസാരിക്കാനാവാതെ ജോജു ബുദ്ധിമുട്ടിയപ്പോള്‍ നാണമാണോ എന്ന് ചോദിച്ച് രംഗം കൂളാക്കുകയായിരുന്നു മമ്മൂട്ടി.

‘ഞാന്‍ ആദ്യമായി ഡയലോഗ് പറഞ്ഞത് 1999 ലാണ്. അത് മമ്മൂക്കയുടെ പടമാണ്. അതുകഴിഞ്ഞ് നീ അഭിനയിച്ചാല്‍ ശരിയാകില്ലെന്നും നീ ഗതിപിടിക്കില്ലെന്നുമൊക്കെ ചിലര്‍ പറഞ്ഞ് കാലം മുന്നോട്ടു പോയി. അത് കഴിഞ്ഞ് 2010 ല്‍ നീ കുഴപ്പമില്ലെടാ എന്ന് ആളുകള്‍ പറഞ്ഞത് ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴായിരുന്നു.

ഇതിനിടയിലൊക്കെ ഒരുപാട് സിനിമകളില്‍ മമ്മൂക്ക എന്നെ റെക്കമെന്റ് ചെയ്തിരുന്നു. അതൊക്കെ കഴിഞ്ഞിട്ടാണ് പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമ ചെയ്യുന്നത്. അതുവരെ ചെയ്തതില്‍ വെച്ച് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേഷങ്ങളില്‍ ഒന്നായിരുന്നു അതിലേത്.

എന്നാല്‍ ആ സിനിമ കഴിഞ്ഞ് ഒരു വര്‍ഷത്തേക്ക് എനിക്ക് വേറെ വേഷം കിട്ടിയില്ല. ഇവനെ വിളിക്കണ്ട, ഇവന്‍ വലിയ വേഷങ്ങള്‍ ചെയ്തു എന്ന് ചിലര്‍ അന്ന് പറഞ്ഞു. അങ്ങനെ ഒരു വര്‍ഷത്തെ ഗ്യാപ്പിന് ശേഷം എനിക്കൊരു സിനിമ കിട്ടി. എനിക്ക് ലോട്ടറിയടിച്ച പടമായിരുന്നു അത്. രാജാധിരാജ.

പൊള്ളാച്ചിയില്‍ ഒരു വീട്ടിലാണ് ഷൂട്ട് നടക്കുന്നത്. ആദ്യത്തെ ദിവസത്തെ പൂജ നടക്കുന്ന സമയം. തിരി തെളിയിക്കുന്ന സമയത്ത് ഞാന്‍ ഇങ്ങനെ അല്‍പം മാറിനില്‍ക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക എന്നെ ചൂണ്ടിക്കാട്ടി അവനെ വിളിക്ക് എന്ന് പറഞ്ഞു. അങ്ങനെ എന്നെ കൊണ്ട് തിരികത്തിച്ചു. ഞാന്‍ ഇങ്ങനെ കുനിഞ്ഞാണ് വിളക്കിനടുത്തേക്ക് വരുന്നത്. മറ്റൊന്നുമല്ല ഞാന്‍ കരയുകയായിരുന്നു.

അന്ന് ഒരു അസിസ്റ്റന്റ് ഡയരക്ടര്‍ പറയുന്ന കാര്യം എന്റെ കൂടെ വന്നവന്‍ കേട്ടു. ഇവരെക്കൊണ്ടൊക്കെ ഇത്രയും വലിയ വേഷം അഭിനയിപ്പിക്കാമോ, ഇവന്‍ ഇപ്പോള്‍ അഭിനയിക്കും. അഭിനയിച്ച് നോക്കി ശരിയായില്ലെങ്കില്‍ പറഞ്ഞുവിടും എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഇക്കാര്യം എന്റെ കൂട്ടുകാരന്‍ എന്നോട് വന്നുപറഞ്ഞു.

ഇതുകൂടി കേട്ടപ്പോഴേക്ക് എന്റെ കിളിപോയി. എന്റെ പ്രശ്‌നം ഇന്നിവിടെ നിന്ന് എന്നെ പറഞ്ഞുവിട്ടാല്‍ ഉണ്ടാകാന്‍ പോകുന്ന നാണക്കേടിനെ കുറിച്ച് ഓര്‍ത്തായിരുന്നു. അങ്ങനെ ഞാന്‍ അഭിനയിക്കാന്‍ വേണ്ടി വന്നു. മമ്മൂക്കയുടെ കൂടെയുള്ള ഷോട്ടാണ്. ഒരു പ്രാവശ്യം ഡയലോഗ് പറഞ്ഞു, രണ്ട് പ്രാവശ്യം ഡയലോഗ് പറഞ്ഞു. നാല് പ്രാവശ്യമായിട്ടും ശരിയാകുന്നില്ല. പരിപാടി പാളി.

ഈ ഡയലോഗ് തെറ്റുമ്പോള്‍ ഞാന്‍ ചുറ്റും നോക്കുകയാണ്. അവരൊക്കെ, ഇവനെക്കൊണ്ട് വല്ലതും നടക്കുമോ എന്ന ഭാവത്തില്‍ എന്നെ നോക്കുന്നു. ആ സമയത്ത് മമ്മൂക്ക വന്ന് എന്റെ തോളത്ത് കൈവെച്ചു. എന്നിട്ട് എന്നെ വിളിച്ചുകൊണ്ടുപോയിട്ട് എന്നോട് പറഞ്ഞു, നീ ആ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞേടാ എന്ന്.

നിനക്കെന്താ പേടിയെന്നും ചോദിച്ചു. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക എന്റെ മുന്നില്‍ നില്‍ക്കുന്നു. എനിക്ക് പറയാന്‍ പറ്റിയില്ല. മമ്മൂക്ക തന്നെ ഡയലോഗ് പറഞ്ഞിട്ട് ഇത് ഇങ്ങനെ നീട്ടി പറ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ഇത്രേയുള്ളൂ, വന്നേ എന്ന് പറഞ്ഞ് എന്നൊക്കൊണ്ട് പോയി ഡയലോഗ് പറയിപ്പിച്ചു.

മമ്മൂക്ക ഇതൊന്നും ഓര്‍ക്കുന്നുപോലും ഉണ്ടാവില്ല. പക്ഷേ എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാലമായിരുന്നു അത്. ഇന്നുവരെ എനിക്ക് ഇതുപോലെ മമ്മൂക്കയ്‌ക്കൊപ്പം ഒരു സ്റ്റേജ് ഷെയര്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല. എന്നെ സംബന്ധിച്ച് ഇത് വലിയൊരു ദിവസമാണ്.

ഒരു ആക്ടര്‍ എന്ന നിലയില്‍ ഈ പുതുതലമുറ ഉണ്ടായതിന്റെ പാരമ്പര്യം മമ്മൂക്കയെപ്പോലുള്ളവര്‍ ചെയ്ത ഗ്രേറ്റ് പെര്‍ഫോമന്‍സാണ്. വ്യക്തിയെന്ന നിലയില്‍ നമുക്ക് അഭിമാനമാണ്. മമ്മൂക്കയുടെ കൂടെ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്,’ ജോജു പറഞ്ഞു.

Content Highlight: Actor Joju Geoge about actor Mammootty

Latest Stories

We use cookies to give you the best possible experience. Learn more