Movie Day
'മൈ നെയിം ഈസ് അജിത്ത് കുമാര്‍' എന്ന് സ്വയം പരിചയപ്പെടുത്തി, അദ്ദേഹത്തെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ തീരില്ല; ജോണ്‍ കൊക്കന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 28, 12:03 pm
Wednesday, 28th July 2021, 5:33 pm

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് കുമാറിനെപ്പറ്റി സാര്‍പ്പട്ട പരമ്പരൈ താരം ജോണ്‍ കൊക്കന്‍ നടത്തിയ പരാമാര്‍ശം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്തിനെപ്പറ്റി ജോണ്‍ മനസ്സുതുറന്നത്.

തനിക്ക് എന്നും മോട്ടിവേഷന്‍ തരുന്ന നടനാണ് അജിത്ത് എന്നും ജോണ്‍ പറഞ്ഞു. വീരം സിനിമയുടെ സെറ്റില്‍ വെച്ചാണ് അജിത്തിനെ ആദ്യം കണ്ടതെന്നും ജോണ്‍ പറഞ്ഞു.

‘ തമിഴില്‍ ഞാന്‍ രണ്ടാമത് ചെയ്ത ചിത്രമായിരുന്നു വീരം. ഒസ്തി ആയിരുന്നു ആദ്യം ചെയ്തത്. അത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് വീരം സിനിമയിലേക്ക് ഓഫര്‍ വരുന്നത്.

ഞാന്‍ സെറ്റിലെത്തുമ്പോള്‍ അജിത്ത് സര്‍ ഉണ്ടായിരുന്നു. ഞാന്‍ പരിചയപ്പെടാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ചെന്നപാടെ അദ്ദേഹം എഴുന്നേറ്റ് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നിട്ട് പറഞ്ഞു, ഹായ് മൈ നെയിം ഈസ് അജിത്ത് കുമാര്‍ എന്ന്.

സിനിമയില്‍ താന്‍ ആരുമല്ല, ചിലപ്പോള്‍ തന്റെ പേര് അറിയില്ലായിരിക്കും എന്നൊക്കെയുള്ള രീതിയിലാ  പുള്ളി സ്വയം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു.

സാര്‍ നിങ്ങളെ ആര്‍ക്കാണ് അറിയാത്തത് എന്ന്. അത് പുള്ളിയുടെ സ്വഭാവമാണ്. വളരെ ലാളിത്യമുള്ള പെരുമാറ്റമാണ്. എന്നിട്ട് അദ്ദേഹം എന്നോട് ചോദിച്ചത് ഇപ്പോള്‍ എത്തിയല്ലേ ഉള്ളു? ഭക്ഷണം കഴിച്ചോ എന്നായിരുന്നു.

ഞാന്‍ പറഞ്ഞു. കുഴപ്പമില്ല പിന്നീട് കഴിക്കും എന്നൊക്കെ പറഞ്ഞു. അദ്ദേഹം പറഞ്ഞു. നോ ആദ്യം പോയി ഭക്ഷണം കഴിച്ച് വരൂ. എന്നിട്ട് നമുക്ക് സംസാരിക്കാം എന്ന്.

പിന്നീട് ഷൂട്ട് കഴിയുന്നത് വരെ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിക്കുമായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളും താഴ്ചകളും അദ്ദേഹം ഞങ്ങളോട് പറയുമായിരുന്നു,’ ജോണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actor John Kokken Says About Ajith Kumar