ഷൂട്ട് തുടങ്ങിയ ശേഷം അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ശിക്കാറില്‍ നിന്നും ഒഴിവാക്കി; വേറെ കരിയര്‍ നോക്കിക്കൂടെയെന്ന് രണ്ട് മലയാളി നടന്മാര്‍ പറഞ്ഞു: വേമ്പുലി ജോണ്‍ കൊക്കന്
പാ. രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് നടന്‍ ജോണ്‍ കൊക്കന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കബിലന്റെ ബോക്‌സിംഗ് റിംഗിലെ എതിരാളിയായ വേമ്പുലിയായാണ്
മലയാളിയായ ജോണ്‍ കൊക്കന്‍ എത്തിയത്.
നിരവധിപേര്‍ തന്നെ കുത്തുവാക്കുകള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നും മലയാള സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജോണ്‍ കൊക്കന്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ശിക്കാര്‍ എന്ന ചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ ആരൊക്കയോ കളിച്ച് എന്റെ കഥാപാത്രത്തെ ഒതുക്കി. 12 – 15 ദിവസത്തിനുവേണ്ടിയായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.
പക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ എന്റെ ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്ന് പറഞ്ഞു. ബാക്കി ചെയ്തില്ല. പിന്നീട് ആ സിനിമയുടെ ആരും എന്നെ വിളിക്കുകയോ അറിയിക്കുകയോ ചെയ്തില്ല.
എനിക്ക് പറഞ്ഞ റോളും കിട്ടിയില്ല, കാശും കിട്ടിയില്ല. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞത് ‘ജോണ്‍ കൊക്കന് അഭിനയിക്കാനാറിയില്ല അതുകൊണ്ടാണ് പടത്തില്‍ നിന്നും ഒഴിവാക്കിയത്’ എന്നായിരുന്നു.
അന്നെനിക്ക് വല്ലാതെ വേദനിച്ചു. അന്നു മുതല്‍ ഇന്ന് വരെ ആ വേദനയും താങ്ങിക്കൊണ്ടാണ് ഞാന്‍ അഭിനയിച്ചതും സാര്‍പ്പട്ട വരെയെത്തിയതും.
അന്ന് അത് മനസ്സിലേക്കെടുത്തില്ലെങ്കിലും ആ വാക്കുകള്‍ എന്റെ മനസ്സിലുണ്ടായിരുന്നു. അത് വെച്ചാണ് ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലും വരുന്ന റോളുകളൊക്കെ ചെയ്തത്.
മറ്റൊരു മലയാളം പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ രണ്ട് മലയാളി നടന്മാര്‍ എന്നോട് ‘ജോണിന് അഭിനയിക്കാന്‍ പറ്റില്ല. ചെറുപ്പമല്ലേ, ഇതു വിട്ട് വേറെ കരിയര്‍ നോക്കിക്കൂടെ, വെറുതെ സമയം പാഴാക്കണോ’ എന്ന് പറഞ്ഞിരുന്നു.
മുഖത്ത് നോക്കിയാണ് അവരത് പറഞ്ഞത്. ഇങ്ങനെ കുറെ കുത്തുവാക്കുകള്‍ കേട്ടിട്ടുണ്ട്. എനിക്ക് നേരെ വന്ന ആ ഓരോ കല്ലും ചേര്‍ത്തുവെച്ച് ഞാനൊരു കെട്ടിടം പണിതു, അതാണ് സാര്‍പ്പട്ട പരമ്പരൈ,’ ജോണ്‍ കൊക്കന്‍ പറഞ്ഞു.
ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സാര്‍പ്പട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.
1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.