| Wednesday, 28th July 2021, 4:28 pm

നല്ല വലിപ്പമുള്ള, ഒരുമാതിരി മൃഗം പോലെയിരിക്കുന്ന ആളെ കിട്ടുമോ എന്ന് പാ. രഞ്ജിത്ത്; സാര്‍പ്പട്ടയിലെ വെമ്പുലിയായ കഥ പറഞ്ഞ് ജോണ്‍ കൊക്കന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: പാ. രഞ്ജിത്ത് ചിത്രം സാര്‍പ്പട്ട പരമ്പരൈ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ബോക്‌സിംഗ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രമായ വെമ്പുലിയെ അവതരിപ്പിച്ച ജോണ്‍ കൊക്കനും കൈയ്യടി നേടുകയാണ്. ചിത്രത്തിലേക്കെത്തിയതിനെപ്പറ്റി മനസ്സുതുറക്കുകയാണ് ജോണ്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജോണിന്റെ പ്രതികരണം.

”ചിത്രം ഇത്രയധികം ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഈ പടത്തില്‍ രാമന്‍ എന്ന ക്യാരക്ടര്‍ ചെയ്തത് സന്തോഷ് പ്രതാപാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. ഒരു വെബ് സീരീസില്‍ ഞാനും സന്തോഷും ഒരുമിച്ചഭിനയിച്ചിരുന്നു.

സന്തോഷ് രഞ്ജിത്ത് സാറിന്റെ സുഹൃത്താണ്. സാര്‍പ്പട്ടയുടെ കാസ്റ്റിംഗ് വന്നപ്പോള്‍ രഞ്ജിത്ത് സര്‍ സന്തോഷിനോട് ചോദിച്ചു, നല്ല വലിപ്പമുള്ള, ഒരു മാതിരി മൃഗം പോലെയുള്ള ആരെയെങ്കിലും അറിയുമോ എന്ന്.

അപ്പോള്‍ സന്തോഷ് എന്റെ പേര് പറഞ്ഞു. അങ്ങനെ ഞാന്‍ രഞ്ജിത്ത് സാറിനെ പോയി കണ്ടു. അന്ന് ഞാന്‍ നല്ല മെലിഞ്ഞിട്ടായിരുന്നു. ഞാന്‍ കഥാപാത്രത്തിന് ഒക്കെയാണ്. പക്ഷെ ബോഡി കുറച്ചുകൂടി വേണമെന്ന് അന്ന് രഞ്ജിത്ത് സര്‍ പറഞ്ഞു.

ബോക്‌സിംഗ് ഒക്കെയുള്ള പടമാണ്. വളരെ സ്‌ട്രോംഗ് ക്യാരക്ടറാണ് എന്നും സര്‍ പറഞ്ഞു. ഒരു രണ്ട് മാസം കൊണ്ട് ബോഡിയൊക്കെ സെറ്റാക്കി ബോക്‌സിംഗ് ഒക്കെ പഠിച്ചിട്ട് വരാന്‍ സര്‍ പറഞ്ഞു.

ആ രണ്ട് മാസം ഒരു പരിശീലകനെ വെച്ച് ഞാന്‍ ബോക്‌സിംഗ് പഠിച്ചു. എന്നിട്ട് രഞ്ജിത്ത് സാറിനെ പോയി കണ്ടു. അപ്പോള്‍ സാര്‍ എന്നോട് ബോക്‌സിംഗിലെ കുറച്ച് മൂവ്‌മെന്റുകള്‍ ചുമ്മാ കാണിക്കാന്‍ ഒക്കെ പറഞ്ഞു.

രഞ്ജിത്ത് സാറിനെ ഒരിക്കലും നമുക്ക് പറ്റിക്കാന്‍ പറ്റില്ല. ബോക്‌സിംഗ് പടമാണ് എടുക്കുന്നതെങ്കില്‍ പുള്ളി ആദ്യം ബോക്‌സിംഗിനെപ്പറ്റി പഠിക്കും. എന്നിട്ടേ കാസ്റ്റ് ചെയ്യുള്ളു. അങ്ങനെ പുള്ളി എന്റെ മൂവ്‌മെന്റ് ഒക്കെ നോക്കി ചെക്ക് ചെയ്ത ശേഷമാണ് പടത്തിലേക്ക് എന്നെ സെലക്ട് ചെയ്തത്,’ ജോണ്‍ പറഞ്ഞു.

ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actor John Kokken About Casting  Story Behind Sarpatta Parambarai

We use cookies to give you the best possible experience. Learn more