സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും എതിരായ ആരോപണത്തിൽ താൻ അവർക്കൊപ്പമെന്ന് ജിനു ജോസ്.
അവർ കാരണം ജോലി മുടങ്ങുകയോ ഷൂട്ടിങ് ക്യാൻസൽ ആകുകയോ ചെയ്തിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ജിനു പറഞ്ഞു.
നീരജ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘ഞാൻ ഇവർ രണ്ടുപേരുമായിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് സെറ്റിൽ അങ്ങനെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഞാൻ പ്രധാനമായും സെറ്റിൽ വരും പറഞ്ഞ ജോലിചെയ്യും, വീട്ടിൽ പോകും. അതിനിടയിൽ ഞങ്ങളെല്ലാവരും ഇടക്ക് ഒരുമിച്ചിരിക്കുന്നതാണ്. അതിനിടയിൽ ഷൂട്ടിങ്ങ് മുടക്കുകയോ ജോലിമുടക്കുകയോ ചെയ്തതായി ഞാൻ കണ്ടിട്ടില്ല.
അതുകൊണ്ടുതന്നെ ഞാൻ ഭാസിയുടെയും ഷെയ്‌നിന്റെയും ഭാഗത്തുതന്നെയാണ്.
എന്തുകൊണ്ടാണ് ആർട്ടിസ്റ്റുകളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ വരുന്നതെന്നും, ഇത് ശെരിയായ നടപടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമ മേഖലയിലെ ലഹരി ഉപയോഗം എന്നൊക്കെ പറയുമ്പോൾ മുഴുവൻ ആരോപണങ്ങളും വന്നുചേരുന്നത് ആർട്ടിസ്റ്റുകളുടെ മേലാണ്. ബാക്കി ആരും ഇതൊക്കെ ചെയ്യുന്നില്ലേ എന്നും കൂടി അന്വേഷിക്കണ്ടേ.
കേരളത്തിലേക്ക് വരുന്ന എല്ലാ കഞ്ചാവും സിനിമാ സെറ്റിലേക്കാണ് വരുന്നതെങ്കിൽ പിന്നെ എങ്ങനെയാണ് സിനിമയൊക്കെ ഉണ്ടാകുന്നത്.
സമൂഹത്തിൽ നടക്കുന്ന എല്ലാം തന്നെ സിനിമയിൽ നടക്കുന്നുണ്ട്. ഞങ്ങൾ കുറച്ചുകൂടി ലൈം ലൈറ്റിൽ നിൽക്കുന്നത്കൊണ്ട് എല്ലാം നാട്ടുകാർ അറിയുന്നു എന്നുമാത്രമുള്ളു.
ഒരു സെറ്റിൽ പത്തിരുന്നൂറുപേരുണ്ട്, അതിൽ ഒരു അഞ്ചോ എട്ടോ ആക്ടേഴ്‌സ് കാണും. ബാക്കിയുള്ളവരെല്ലാം ഒന്നും ചെയ്യുന്നില്ല, അല്ലെങ്കിൽ ഇവർ മാത്രം എല്ലാം ചെയ്യുന്നുണ്ട് എന്നുപറയുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആണ്,’ അദ്ദേഹം പറഞ്ഞു.
നടൻമാർ അവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം വാങ്ങിക്കണ്ടേയെന്നുള്ള ചോദ്യത്തിന് അവരുടെ കഴിവിനൊത്തുള്ള പണം നൽകണമെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
’17 വർഷമായി ഞാൻ സിനിമയിൽ, ഇപ്പോൾ ചോദിക്കുന്ന പ്രതിഫലം ഓക്കേ ആണെന്ന് പ്രൊഡ്യൂസറിന് തോന്നിക്കഴിഞ്ഞാൽ മാത്രമേ എന്നെ വിളിക്കു.
ഞാൻ കൂടുതൽ പണം ചോദിച്ചാൽ ആരും വിളിക്കില്ല.
അഭിനേതാക്കൾ കൂടുതൽ പണം ചോദിച്ചാൽ കൊടുക്കാതിരുന്നാൽ പോരെ, അവരെ ആവശ്യമുണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതി.
പതിനായിരം രൂപ ചോദിക്കേണ്ടയിടത്ത് ഒരുലക്ഷം ചോദിച്ചാൽ കിട്ടില്ല,’ ജിനു പറഞ്ഞു.
രാജേഷ് കെ. രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നീരജ എന്ന ചിത്രമാണ് ജിനുവിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ശ്രുതി രാമചന്ദ്രൻ, ശ്രിന്ദ, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രജനീകാന്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
Content Highlights: Actor Jinu Jose on Sreenaath Bhasi and Shane Nigam