വാഴ സിനിമ ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെ പുതുമുഖങ്ങളെ കമന്റുകളിലൂടെ ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നടന്‍ ജിബിന്‍ ഗോപിനാഥ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം.
ഒരു സിനിമ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ കീറിമുറിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും പക്ഷേ പുതിയതായി കയറി വരുന്നവനെ മാനസികമായി തളര്‍ത്താതെ കമന്റ് ചെയ്തുകൂടെയെന്നും അദ്ദേഹം കുറിപ്പില്‍ ചോദിച്ചു. സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് കുറിപ്പിടുന്നതെന്നും നടന്‍ പറയുന്നു.
ഒ.ടി.ടിയില്‍ എത്തുമ്പോള്‍ സിനിമകള്‍ കീറിമുറിക്കപ്പെടുന്നത് പതിവാണ്, സ്വാഭാവികമാണ്. പക്ഷേ സിനിമയില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവനെ, പുതിയതായി കയറി വരുന്നവനെ മാനസികമായി തളര്‍ത്താതെ കമന്റ് ചെയ്തുകൂടെ. പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ.
സംഘടിതമായ ആക്രമണം നടക്കുന്നത് കണ്ടതുകൊണ്ട് എഴുതിപോകുന്നതാണ്. പ്ലീസ്?. (ഞാനെന്ന വ്യക്തി ഇതൊക്കെ ഒത്തിരി അനുഭവിച്ചതാണ്. ഇപ്പോള്‍ ഇത്തരം പ്രോബ്ലംസ് എന്നെ ബുദ്ധിമുട്ടിക്കാറുമില്ല. പക്ഷെ ഫ്രഷേഴ്‌സിനെ സംബന്ധിച്ച് ഈ മൊമന്റ് കടന്ന് കൂടുക എന്നത് വലിയൊരു പ്രോബ്ലമാണ്).
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് എത്തിയ ഈ സിനിമയില്‍ സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍, സാഫ് ബോയ്, അനുരാജ് ഒ.ബി. ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളാണ് പ്രധാനവേഷത്തില്‍ എത്തിയത്.
ഓഗസ്റ്റ് പതിനഞ്ചിന് തിയേറ്ററില്‍ എത്തിയ സിനിമക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ എത്തിയ വാഴക്ക് മോശം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. നായകന്മാരായ പുതുമുഖങ്ങള്‍ക്കെതിരെ പലരും മോശമായ കമന്റുമായി എത്തുന്നുണ്ട്.
Content Highlight: Actor Jibin Gopinath Talking About Attacking New Actors In Vaazha Movie Through Comments