| Tuesday, 10th January 2023, 11:24 pm

അന്ന് ഞാന്‍ കാരവാനില്‍ പോയിരുന്ന് കരഞ്ഞു, കൈകൂപ്പി നില്‍ക്കേണ്ട അവസ്ഥയായിരുന്നു: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമയിലെ ടൈറ്റില്‍ കഥാപാത്രം ചെയ്യാന്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് നടന്‍ ജയസൂര്യ. ആദ്യ ദിവസങ്ങളില്‍ തനിക്കൊട്ടും ആ കഥാപാത്രവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും സിനിമ അവസാനിപ്പിച്ച് പോകാമെന്ന് വരെ കരുതിയെന്നും ജയസൂര്യ പറഞ്ഞു.

ഒരു തരത്തിലും ആ കഥാപാത്രം അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താന്‍ കാരവാനില്‍ പോയിരുന്ന് കരഞ്ഞെന്നും താരം പറഞ്ഞു. എന്നാല്‍ ദൈവത്തിന്റെ സഹായം കൊണ്ട് ആ കഥാപാത്രം നന്നായി അവതരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അതൊക്കെ എങ്ങനെയോ സംഭവിച്ച് പോയതാണെന്നും ജയസൂര്യ പറഞ്ഞു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ എന്റെയുള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ മൊമന്റായിരുന്നു അത്. നമ്മളെ ഉടച്ചു കളയുക എന്നൊക്കെ പറയില്ലേ, ശരിക്കും അതായിരുന്നു ആ സിനിമ. നമുക്കൊന്നും അതായത് ജയസൂര്യക്കൊന്നും ഒരു റോളുമില്ലെന്ന് പറയില്ലേ, അങ്ങനെയായിരുന്നു അന്ന് സംഭവിച്ചത്. നിന്റെ ശരീരം ഇങ്ങ് തന്നേക്കെന്ന് പറയുന്ന ഒരു അവസ്ഥയായിരുന്നു അത്.

പരകായപ്രവേശമോ, എന്താണ് അതിന് പറയേണ്ടതെന്ന് ഒന്നും എനിക്കറിയില്ല. എന്തായാലും എനിക്കൊന്നും അവിടെയൊരു റോളില്ലെന്ന് മനസ്സിലായി. മൂന്ന് ദിവസം ആ കഥാപാത്രം ചെയ്യാന്‍ എന്നെകൊണ്ട് പറ്റുന്നില്ലായിരുന്നു. കൃത്യമായി ആ കഥാപാത്രത്തിലേക്കൊന്നും എത്താന്‍ എനിക്ക് കഴിയുന്നില്ലായിരുന്നു. ഇതൊന്നും എന്നെകൊണ്ട് നടക്കാതെ വന്നപ്പോള്‍ ഒരു ദിവസം ഞാന്‍ കാരവാനില്‍ പോയിരുന്ന് കരഞ്ഞു.

എനിക്കിത് ചെയ്യാന്‍ പറ്റുമെന്ന എന്റെ ആത്മവിശ്വാസത്തിന് പോലും അവിടെ സ്ഥാനമില്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഷൂട്ടിന്റെ ആദ്യത്തെ മൂന്ന് ദിവസം ഞാന്‍ പെട്ട് പണ്ടാരമടങ്ങി പോയി. ഷൂട്ട് അവസാനിപ്പിച്ച് പാക്കപ്പ് ചെയ്യാമെന്ന വരെ വിചാരിച്ചതാണ്. എന്നെകൊണ്ട് പറ്റില്ലായെന്ന് പറഞ്ഞ് കൈകൂപ്പി നില്‍ക്കുന്ന അവസ്ഥയിലേക്കെത്തി. പക്ഷ ദൈവത്തിന്റെ സഹായമുണ്ടായി. എനിക്ക് മേരിക്കുട്ടി എന്ന കഥാപാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞു. അത് അങ്ങനെ സംഭവിച്ചു പോയതാണ്,’ ജയസൂര്യ പറഞ്ഞു.

രഞ്ജിത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. മേരിക്കുട്ടി എന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രത്തെയാണ് സിനിമയില്‍ താരം അവതരിപ്പിച്ചത്. ഇന്നസെന്റ്, ജുവല്‍ മേരി, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actor jayasurya talks about njan marykutty movie

We use cookies to give you the best possible experience. Learn more