പോസിറ്റിവായി മാത്രം സംസാരിക്കുന്നതിന് ആളുകള്‍ വിമര്‍ശിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജയസൂര്യ. കാണുന്നവര്‍ക്ക് താന്‍ ഫേക്കും നന്മ മരവുമൊക്കെയായി തോന്നാമെന്ന് വിചാരിച്ച് അവര്‍ക്ക് വേണ്ടി പോസിറ്റിവായി നില്‍ക്കുന്ന തന്റെ സ്വഭാവം മാറ്റാന്‍ കഴിയില്ലെന്ന് മീഡിയ വണ്ണിനോട് ജയസൂര്യ പറഞ്ഞു.
”അത്തരം വിമര്‍ശനങ്ങളെ വെറും വിമര്‍ശനങ്ങളായി മാത്രമാണ് ഞാന്‍ കാണുന്നത്. കാരണം അവര്‍ക്കുവേണ്ടി എന്റെ സ്വഭാവം മാറ്റാന്‍ പറ്റില്ല. എല്ലാത്തിനെയും വളരെ പോസിറ്റീവായി കാണുന്നൊരു വ്യക്തിയാണ് ഞാന്‍.
ബേസിക്കലി എന്റെ സ്വഭാവം ഇങ്ങനെയാണ്. വളരെ നെഗറ്റീവായിട്ടുള്ള ആളുകളെ സുഹൃത്തുക്കളായി ഞാന്‍ പരിഗണിക്കാറില്ല. അത്തരം ആളുകളെ ജീവിതത്തിലേക്ക് അടുപ്പിക്കാത്ത വ്യക്തിയാണ്. അത്തരം സ്‌പേസില്‍ ഞാന്‍ പോകാറില്ല.
കൂടാതെ നെഗറ്റീവ് വാര്‍ത്തകള്‍ വായിക്കാന്‍ ആഗ്രഹിക്കാറുമില്ല. വളരെ നെഗറ്റീവായ കാര്യങ്ങളിലേക്ക് നമ്മള്‍ ഫോക്കസ് ചെയ്യേണ്ട കാര്യമെന്താണ്. സിനിമയിലാണെങ്കിലും കാണാന്‍ താത്പര്യം പോസിറ്റീവ് സിനിമകളാണ്.
അതുപോലെ പോസിറ്റീവായ ആളുകളോട് സംസാരിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ പോലും വ്യക്തികളെക്കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. അയാള്‍ ഇങ്ങനെയാണ്, ഇയാള്‍ ഇങ്ങനെയാണെന്നൊക്കെ എന്തിനാണ് സംസാരിക്കുന്നത്.
ആശയങ്ങള്‍ക്ക് പകരം വ്യക്തികളെക്കുറിച്ച് സംസാരിച്ചവരാരും വളര്‍ന്നിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വളരെ പോസിറ്റീവായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായതുകൊണ്ട് ഞാന്‍ അത്തരം കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കാനാഗ്രഹിക്കുന്നത്.
പലര്‍ക്കുമത് ഫേക്കായി തോന്നാം, ഓ.. ഭയങ്കര നന്മ മരമായി തോന്നാം. അതൊക്കെ അവരുടെ തോന്നലാണ് എനിക്കവരെ മാറ്റാന്‍ കഴിയില്ല. അവര്‍ മാറുകയും വേണ്ട എനിക്ക് എന്നെയും മാറ്റാന്‍ കഴിയില്ല,” ജയസൂര്യ പറഞ്ഞു.
നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയാണ് ജയസൂര്യയുടെ പുതിയ സിനിമ. ഏപ്രില്‍ മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അരുണ്‍ നാരയണണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.
Content Highlight: : Actor Jayasurya said that he doesn’t hold negativity close