മലയാളികളുടെ പ്രിയതാരം ജയസൂര്യ സെക്‌സ് എജ്യുക്കേഷന്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയാണ്. വീടുകളില്‍ നിന്ന് തന്നെ ഇത്തരം കാര്യങ്ങളിലുള്ള വ്യക്തത കുട്ടികളില്‍ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
താനും മകനും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും മകന്റെ പെണ്‍സുഹൃത്തുക്കളെക്കുറിച്ച് പോലും വീട്ടില്‍ വന്ന് പറയാറുണ്ടെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ജയസൂര്യ പറയഞ്ഞു.
”പല വീടുകളിലും ഇന്ന് തുറന്ന് സംസാരിക്കാറില്ല. ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും കറക്ട് ആയിട്ടുള്ള സെക്‌സ് എജ്യുക്കേഷന്‍ കൊടുക്കണം. സെക്‌സ് എജ്യുക്കേഷന്‍ ശരിക്കും നമ്മളുടെ വീട്ടില്‍ തന്നെ കൊടുക്കേണ്ടതാണ്.
അല്ലെങ്കില്‍ എന്തെങ്കിലും മനസിലാക്കി ഇതാണ് ശരിയെന്ന ധാരണ അവരിലുണ്ടാകും. സുഹൃത്തുക്കള്‍ പറയുന്നതൊക്കെയാകും അവര്‍ക്ക് ആകെ ഉള്ള അറിവ്. അതൊക്കെ കുട്ടികളെ സ്വാധീനിക്കും. അങ്ങനെ കേള്‍ക്കുന്നതാണ് ശരിയായ പാത എന്ന് കരുതി അതിലൂടെ സഞ്ചരിക്കും.
എന്നാല്‍ അതല്ല ഇതൊക്കെയാണെന്ന് നമ്മള്‍ വീട്ടില്‍ നിന്ന് തന്നെ കൊടുത്ത് കഴിഞ്ഞാല്‍ നന്നായിരിക്കും. എനിക്ക് തോന്നുന്നു ഇപ്പോള്‍ ഒരുപാട് സ്‌കൂളുകളില്‍ ഇതൊക്കെയുണ്ടെന്ന്. അതല്ലൊം കുട്ടികളെ ഹെല്‍പ് ചെയ്യുന്നുണ്ട്.
പക്ഷേ അതല്ലാതെ നമ്മളുടെ വീട്ടുകാര്‍ തന്നെ കുട്ടികളോട് തുറന്ന് സംസാരിക്കണം. അവര്‍ അറിയേണ്ട കാര്യങ്ങള്‍ തന്നെയല്ലെ ഇതെല്ലാം. ഇതൊന്നും പറഞ്ഞ് കൊടുത്തില്ലെങ്കില്‍ തെറ്റായ വഴിയില്‍ പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പണ്ട് വീട്ടില്‍ നിന്ന് എന്തെങ്കിലും റൊമാന്റിക്ക് വീഡിയോസ് കാണാന്‍ ഭയമായിരിക്കും. നമുക്ക് ആഗ്രഹമുണ്ടാകും, പക്ഷേ വീട്ടുകാരുടെ മുന്നില്‍ നിന്ന് കാണാന്‍ ഭയമായിരിക്കും. എന്റെ മോന്‍ എന്റെ മുന്നില്‍ ഇരുന്ന് കാണാറുണ്ട്. അതില്‍ എന്താണ് പ്രശ്‌നമുള്ളത്.
അതുപോലൊരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മോള്‍ പിറകിലൂടെ വരുന്നുണ്ടായിരുന്നു. അവള്‍ കുറച്ചുകൂടെ ചെറുതായത് കൊണ്ട് മോന്‍ എന്നോട് പറഞ്ഞു അച്ഛാ മാറ്റിക്കോയെന്ന്. കുറച്ച് സീന്‍ ഒക്കെ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു.
അവന്‍ ഓള്‍റെഡി കണ്ട സിനിമയായിരുന്നു. ഞാനും മോനും തമ്മില്‍ ആ സൗഹൃദം വീട്ടിലുണ്ട്. എന്തെങ്കിലും സാധനം ഹൈഡ് ചെയ്ത് വയ്ക്കണം, വീട്ടുകാരറിയരുത് എന്ന് പറയുന്ന സാധനം എന്റെ വീട്ടിലില്ല.
മോന്‍ എല്ലാ കാര്യവും വീട്ടില്‍ വന്ന് പറയും. അവന്റെ പെണ്‍സുഹൃത്തുക്കളുടെ കാര്യമൊക്കെ വീട്ടില്‍ വന്ന് പറയുമ്പോള്‍ അവന്റെ സുഹൃത്തുക്കളെല്ലാം ചോദിക്കും ഇതൊക്കെ നീ വീട്ടില്‍ വന്ന് പറയുമോയെന്ന്.
ആ ഒരു സ്വാതന്ത്രം ഞാന്‍ വീട്ടില്‍ കൊടുത്തിട്ടുണ്ട്. അവനെന്നെ ബോസ് എന്നാണ് വിളിക്കുക. അച്ഛാ എന്ന വിളികേട്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ രണ്ടാളും നല്ല സൗഹൃദത്തിലാണ്,” ജയസൂര്യ പറഞ്ഞു.
Content Highlight: Actor jayasurya said Proper sex education should be imparted to children at home