| Sunday, 13th June 2021, 11:31 am

മലയാള സിനിമയില്‍ 'മസില്‍' കൊണ്ടുവന്നത് പൃഥ്വിരാജെന്ന് ജയസൂര്യ; ജയനെയൊക്കെ കണ്ടുവളര്‍ന്ന ഞങ്ങളോടോ എന്ന് തിരിച്ചുചോദിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ പൃഥ്വിരാജിനെ കുറിച്ച് ജയസൂര്യ പറഞ്ഞ ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയിലേക്കും സിനിമാ നടന്മാര്‍ക്കിടയിലും മസില്‍ എന്നൊരു കാര്യം കൊണ്ടുവന്നത് പൃഥ്വിരാജ് ആണെന്ന് ജയസൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

‘പൃഥ്വിരാജ് ഭയങ്കര മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരുത്തനാണ്. ഇപ്പോള്‍ തന്നെ നോക്കൂ, മസില്‍ എന്ന കോണ്‍സപ്റ്റ് മലയാളത്തിലേക്ക് കൊണ്ടുവന്നത് അവനാണ്. അതിനുശേഷമാണ് നമ്മളൊക്കെ ഈ പണി തുടങ്ങിയത് തന്നെ.

വലിയ സിനിമകളെ കുറിച്ച് ചിന്തിക്കുന്ന, അവിടേക്ക് കാര്യങ്ങളെത്തിക്കുന്ന നല്ല ദീര്‍ഘവീക്ഷണമുള്ള ഒരാളായിട്ടാണ് എനിക്ക് പൃഥ്വിരാജിനെ തോന്നിയിട്ടുള്ളത്,’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

ഈ അഭിമുഖത്തിന്റെ വീഡിയോക്ക് താഴെയാണ് നിരവധി പേര്‍ വിമര്‍ശനവുമായെത്തിയത്. മലയാളത്തിലെ ഒരേയൊരു ആക്ഷന്‍ ഹീറോയായ ജയന്‍ എന്നൊരു മഹാനടനെയൊക്കെ മറന്നുപോയോ എന്നാണ് മിക്ക കമന്റുകളും. ജയനെ കണ്ടുവളര്‍ന്ന ഞങ്ങളോടാണോ ഇതൊക്കെ പറയുന്നതെന്നും കമന്റ് വരുന്നുണ്ട്.

മലയാളത്തില്‍ മസില്‍ എന്നാല്‍ ജയനാണെന്നും നായകസങ്കല്‍പങ്ങളില്‍ മാറ്റം വരുത്തിയത് ജയനാണെന്നും കമന്റുകളില്‍ പറയുന്നു. ശരപഞ്ചരം സിനിമയിലെ കുതിരയെ തടവുന്ന സീനിന്റെ ചിത്രങ്ങളടക്കം ജയന്റെ നിരവധി ഫോട്ടോകളും കമന്റുകളിലുണ്ട്.

ബാബു ആന്റണിയെയും കമന്റുകളില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മലയാള സിനിമയില്‍ പൃഥ്വിരാജിന് മുന്‍പ് തന്നെ മസിലുള്ള നായകരുണ്ടായിരുന്നു. കേന്ദ്ര കഥാപാത്രങ്ങളായി എത്താത്ത നടന്മാരിലും മസിലുള്ളവരുണ്ടായിരുന്നെന്ന് ഭീമന്‍ രഘു, അബു സലീം, നിഷാന്ത് സാഗര്‍, റിയാസ് ഖാന്‍
തുടങ്ങിയവരെയെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതികരണങ്ങള്‍ വരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Jayasurya’s comment about Prithviraj sparks negative comments from social media

We use cookies to give you the best possible experience. Learn more