നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഈശോയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പി.സി. ജോര്‍ജിന് മറുപടി നല്‍കി നടന്‍ ജയസൂര്യ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.
ഈശോയുമായി ബന്ധപ്പെട്ട് കടുത്ത വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങളാണ് പി.സി. ജോര്‍ജ് നടത്തിയിരുന്നത്. ഈ പേരില്‍ ചിത്രം ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതികരണവുമായി ജയസൂര്യയെത്തിയത്.
ജോര്‍ജേട്ടന്‍ എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോര്‍ജേട്ടന്‍ എം.എല്‍.എയായതെന്ന് ജയസൂര്യ ചോദിച്ചു.
അങ്ങനെ തന്നെയാണ് ജയിച്ചുവന്നതെന്നും താന്‍ മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വര്‍ഗീയതയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും ജയസൂര്യ ഇതിന് മറുപടി നല്‍കി.
കലാകാരനാണെങ്കില്‍ ഒരു മര്യാദ വേണമെന്നായി പിന്നീട് പി.സി. ജോര്‍ജ്. എന്നാല്‍ സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാമെന്നും അല്ലാതെ പറയുന്നത് മോശമാണെന്നും ജയസൂര്യ മറുപടി നല്‍കി.
ഇപ്പോഴുള്ള പേരങ്ങ് മാറ്റി, നല്ലൊരു പേരിട്ട് സിനിമ തുടങ്ങണമെന്നും എന്നാല്‍ പിന്നെ ആരും തര്‍ക്കിക്കാന്‍ വരില്ലല്ലോയെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പിന്നീട് ചര്‍ച്ച അവതാരകനും പി.സി ജോര്‍ജും തമ്മിലായി.
ഈശോ സിനിമയുമായി ബന്ധപ്പെട്ട പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എം.എല്‍.എ സ്ഥാനം പോയതിന് പിന്നാലെ എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കളികളാണിതൊക്കെ എന്നാണ് പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് കമന്റുകളില്‍ പറയുന്നത്.
‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോര്‍ജ് നേരത്തെ ഉയര്‍ത്തിയ ഭീഷണി. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളില്‍ മിക്കവരും ക്രിസ്ത്യാനികളാണെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
‘നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്‌ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എം.എല്‍.എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. നാദിര്‍ഷയെ പോലൊരാള്‍ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓര്‍ക്കുമ്പോഴാണ് വിഷമം.
ഈ പേരില്‍ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയേറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുമില്ല. കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും,’ എന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.
ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കെ.സി.ബി.സിയും രംഗത്തുവന്നിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെ.സി.ബി.സി വക്താവായ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞത്.
സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തും.
ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.
ചില രൂക്ഷ പ്രതികരണങ്ങള്‍ വന്നെങ്കിലും സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.
നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.