കൊച്ചി: ജയസൂര്യയുടെ അസാമാന്യ പെര്‍ഫോമന്‍സ് എന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ ചിത്രമാണ് വെള്ളം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഴുക്കുടിയനായി എത്തി അസാധ്യപ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചതെന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു.
ഏറെ കൗതുകകരമായ കാര്യം ചിത്രം കണ്ട് പല മദ്യപാനികളും മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മനസ്സുതുറക്കുകയാണ് ജയസൂര്യ. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യയുടെ തുറന്നുപറച്ചില്‍.
‘പലരുടെയും കുടി നിര്‍ത്തി എന്നു പറയുന്നത് ശരിയാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. ഈ സിനിമ കൊണ്ട് ഒരാളുടെയെങ്കിലും കുടി നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നാണ് അര്‍ത്ഥം. കാരണം ഒരാളുടെ ലൈഫാണ് മാറിമറിയുന്നത്. അതോടെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന കുടുംബമാണ് കരകയറുന്നത്. ഒരു സിനിമയുണ്ടാക്കുന്ന ഇത്തരം ഇംപാക്ട് ചെറുതല്ല. വെള്ളം സിനിമ വന്നപ്പോള്‍ അത് കണ്ട പലരും പലരോടും ചിത്രം പോയി കാണണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതെല്ലാം സന്തോഷം തരുന്ന കാര്യങ്ങളാണ്,’ ജയസൂര്യ പറഞ്ഞു.
ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് വെള്ളം. ജനുവരി 22 നാണ് ചിത്രം റിലീസ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് വെള്ളം സിനിമയ്ക്ക് ആധാരം.