കൊച്ചി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചി മേയർക്കു മുൻപിൽ നഗര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും മൂന്ന് നിർദേശങ്ങൾ വെച്ച് നടൻ ജയസൂര്യ. മേയർ അഡ്വ.എം.അനിൽ കുമാർ തന്നെയാണ് ജയസൂര്യയുടെ പ്രതിബദ്ധത തന്നെ വലിയ രീതിയിൽ ആകർഷിച്ചു എന്ന് പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്.
നഗരത്തിൽ പ്രധാനപ്പെട്ട തെരുവുകൾ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കണം, ഉപയോഗിച്ചതും എന്നാൽ നല്ലതുമായ വസ്ത്രങ്ങൾ കൊണ്ടുവന്നിടാൻ നഗരസഭ സൗകര്യമൊരുക്കണം,കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നീ നിർദേശങ്ങളായിരുന്നു ജയസൂര്യ മേയർക്കു മുൻപിൽ വെച്ചത്.
നിങ്ങളെ ഞാൻ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്നേഹപൂർവ്വം പെരുമാറുന്ന സിനിമാ നടൻമാർ ഉണ്ടോ എന്ന ചോദ്യം ഉയർത്താൻ താങ്കളുമായുള്ള കൂടിക്കാഴ്ച്ചയും അനുഭവവും കാരണമായി എന്ന് പറഞ്ഞാണ് മേയർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജയസൂര്യയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും മേയർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. ഞാൻ മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാ താരത്തെ, കലാകാരനെ നഗരസഭാ ഓഫീസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ് ഞാൻ കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്.
കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങൾ, നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവർക്കും ആഗ്രഹമുള്ള ആശയമാണ്. അത് നഗരത്തെ വൃത്തിയുള്ളതാക്കാനും , നഗരത്തിൽ പ്രധാനപ്പെട്ട തെരുവുകൾ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു. രണ്ടാമത്തെ നിർദ്ദേശവും എന്റെ ഹൃദയത്തെ സ്പർശിച്ചു..,
അത് നിരാലംബരായ മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു.