| Tuesday, 31st May 2022, 4:43 pm

ഇനിയൊരു ഉല്‍ക്കയും കൂടി വീഴാനേ ഉണ്ടായിരുന്നുള്ളൂ, ബാക്കി എല്ലാം ആയി; ജോണ്‍ ലൂഥര്‍ നേരിട്ട തടസ്സങ്ങളെ കുറിച്ച് ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയെ നായകനാക്കി പുതുമുഖ സംവിധായകന്‍ അഭിജിത് ജോസഫ് സംവിധാനം ചെയ്ത ജോണ്‍ ലൂഥര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കഥയുടെ കെട്ടുറപ്പും മേക്കിങ്ങിന്റെ മികവും ഇതുവരെ ചെയ്തതില്‍നിന്നു വ്യത്യസ്തമായൊരു പൊലീസ് ഓഫീസറിലേക്കുള്ള ജയസൂര്യയുടെ പകര്‍ന്നാട്ടവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഒരുപാട് തടസ്സങ്ങള്‍ നേരിട്ട സിനിമയാണ് ജോണ്‍ ലൂഥറെന്ന് പറയുകയാണ് ജയസൂര്യ. പല കാരണങ്ങള്‍ കൊണ്ട് പലതവണ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും മറ്റേത് പ്രൊഡ്യൂസര്‍ ആയിരുന്നെങ്കിലും ഒരു ഈ സിനിമ ഉപേക്ഷിച്ചു പോയേനെയെന്നും ജയസൂര്യ പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ലാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങുന്നത്. പടം ഏപ്രിലില്‍ തുടങ്ങാന്‍ പോകുകയാണ്. അതിന്റെ മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ പ്രശ്‌നമായി. പ്രശ്‌നം എന്നുവെച്ചാല്‍ അന്ന് അഞ്ചാംപാതിര എന്ന സിനിമ വന്നിട്ടില്ല, അന്ന് ഈ സിനിമയുടെ പേര് അഞ്ചാം പ്രമാണം എന്നാണ്. അപ്പോള്‍ അഞ്ചാം പാതിര വന്നതോടെ ടൈറ്റില്‍ മാറ്റി ജോണ്‍ ലൂഥര്‍ ആക്കി.

അങ്ങനെ ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങാന്‍ നില്‍ക്കുമ്പോള്‍ കോവിഡേട്ടന്‍ എത്തി. അങ്ങനെ ഒരു വര്‍ഷം പണിയൊന്നുമില്ലാതെ നമ്മള്‍ ഇരുന്നു. അതിന് ശേഷം വീണ്ടും കുഴപ്പമില്ലാത്ത അവസ്ഥയിലേക്ക് എത്തി. ഷൂട്ടൊക്കെ തുടങ്ങാമെന്ന ഘട്ടമൊക്കെ എത്തിയപ്പോള്‍ സെറ്റ് വര്‍ക്കൊക്കെ തുടങ്ങി അവസാനമെത്തിയപ്പോഴാണ് കൊവിഡിന്റെ രണ്ടാം തരംഗം.

ഒന്ന് ആലോചിച്ചു നോക്കൂ, പുതിയ പയ്യനല്ലേ. അങ്ങനെ രണ്ടാം തരംഗം കഴിഞ്ഞു. ഇത് വലിയ പടമാണ്. ഒരു വീടിനുള്ളിലൊന്നും ഇട്ട് ചെയ്യാന്‍ കഴിയുന്ന സിനിമയല്ല. അതെല്ലാം കഴിഞ്ഞ് വീണ്ടും തുടങ്ങാന്‍ ഇരുന്നു. ഇനി വലിയ തടസ്സമൊന്നും വരാന്‍ ഇല്ലെന്ന് വിചാരിച്ചിരിക്കുമ്പോള്‍ ക്യാമറാമാന് സുഖമില്ലാതാകുന്നു. ഒരു മാസം വീണ്ടും പോയി.

ആലോചിച്ചു നോക്കണം പ്രൊഡ്യൂസറുടെ കാര്യം. സെറ്റിടും സെറ്റ് പൊളിക്കും. ഇത് തന്നെ പരിപാടി. സത്യമായിട്ട് പറയുകയാണ് തോമസ് എന്ന പ്രൊഡ്യൂസറല്ല വേറൊരു ആളായിരുന്നെങ്കില്‍ ചിലപ്പോള്‍ അയാള്‍ ഇട്ടിട്ടു പോയേനെ. അദ്ദേഹത്തിന് ആ ക്രൂവിനോടുള്ള വിശ്വാസവും സ്‌നേഹവും ഉള്ളതിന്റെ പേരിലാണ് പുള്ളി നിന്നത്.

അങ്ങനെ ഷൂട്ടിങ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും നായകന് കൊവിഡ് (ചിരി). അങ്ങനെ വീണ്ടും ഒരു മാസം. രാവിലെ ഞാന്‍ അഭിയ്ക്ക് മെസ്സേജ് അയക്കും എടാ എനിക്ക് തീരെ വയ്യടാ എന്ന് പറഞ്ഞിട്ട്. അയ്യോ ചേട്ടാ എന്ത് ചെയ്യും? കുഴപ്പമില്ല ചേട്ടാ റെസ്റ്റ് ചെയ്യണേ എന്നൊക്കെ പറഞ്ഞ് അവന്‍ തിരിച്ച് മെസ്സേജ് അയക്കും.

വൈകുന്നേരം ആയപ്പോള്‍ എനിക്ക് വീണ്ടും ഒരു മെസ്സേജ്. ചേട്ടന് കുഴപ്പമൊന്നുമില്ലല്ലോ? ഇല്ല കുഴപ്പമില്ലെന്ന് ഞാന്‍. ആ എനിക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ടെന്ന് പുള്ളി. അങ്ങനെ കുറേ തടസ്സങ്ങള്‍. ഇനി ഒരു ഉല്‍ക്കയും കൂടി വീണിരുന്നെങ്കില്‍ തീരുമാനമായേനെ, അല്ലെങ്കില്‍ ഉരുള്‍പൊട്ടല്‍’, ജയസൂര്യ പറഞ്ഞു.

കേരളത്തില്‍ 150 സ്‌ക്രീനുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍.

ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയെന്നും അതിനെ അതിജീവിച്ച് പോരാടുകയും ചെയ്യുന്ന കഥാപാത്രമാണ് ജയസൂര്യയുടേത്.

ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Content Highlight: actor Jayasurya about the issues faced by John Luther team

We use cookies to give you the best possible experience. Learn more