മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട്. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സണ്ണി ആമസോണ്‍ പ്രൈമിലൂടെ സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുകയാണ്. ജയസൂര്യയുടെ കരിയറിന്റെ ഇരുപതാം വര്‍ഷം അദ്ദേഹത്തിന്റെ നൂറാം ചിത്രമായിട്ടാണ് സണ്ണി ഒരുങ്ങുന്നത്.
സണ്ണിയുടെ ചിത്രീകരണ സമയത്തെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ. ലൊക്കെഷനില്‍ സണ്ണിയായി പെരുമാറിയത് താന്‍ മാത്രമായിരുന്നില്ലെന്നാണ് ജയസൂര്യ പറയുന്നത്.
‘സിനിമയുടെ ചിത്രീകരണം നടന്നത് ഒരു ഹോട്ടല്‍ മുറിയിലായിരുന്നു. ഞങ്ങളെല്ലാവരും താമസിച്ചത് അതേ ഹോട്ടലില്‍ തന്നെ. മുറിയില്‍ നിന്ന് ഒരു പത്തടി വച്ചാല്‍ ലൊക്കേഷനിലെത്താം. അതു തന്നെ ഒരു പുതുമയായിരുന്നു.
എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിനാല്‍ രാത്രി വൈകുവോളം ചര്‍ച്ചകള്‍ നീണ്ടു. ധാരാളം വെട്ടലുകളും തിരുത്തലുകളും നടത്തി. വളരെ ക്രിയേറ്റീവായിരുന്നു സണ്ണിയുടെ സെറ്റ്. സണ്ണി ഒരിക്കലും ജയസൂര്യ ചിത്രമല്ല. രഞ്ജിത്ത്, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ അങ്ങനെ ക്രൂവില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രമത്തിന്റെ ഫലമാണ് സണ്ണി.
ഒരാള്‍ ഏറ്റവും റിയലായിരിക്കുന്നത് അയാള്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ്. അയാളുടെ ഇരിപ്പും കിടപ്പും നടപ്പും സന്തോഷവും സങ്കടവുമെല്ലാം ആള്‍ക്കൂട്ടത്തിലിരിക്കുമ്പോള്‍ വ്യത്യസ്തമായിരിക്കും.
സണ്ണി ഒരു മ്യുസിഷനാണ്. അയാള്‍ ഒറ്റയ്ക്കാണ്. അയാളുടെ യഥാര്‍ഥ മുഖമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ മാത്രമായിരുന്നില്ല സെറ്റില്‍ സണ്ണിയായി ബിഹേവ് ചെയ്തത്. കഥ എഴുതിയ രഞ്ജിത്തും ഛായാഗ്രാഹകന്‍ മധു നീലകണ്ഠനുമെല്ലാം സണ്ണിയായിരുന്നു, ജയസൂര്യ പറഞ്ഞു.
ചിത്രത്തില്‍ ആകെ ഒരു കഥാപാത്രം മാത്രമേ ഉള്ളൂ എന്നത് തന്നെ എക്‌സൈറ്റ് ചെയ്യിച്ചിരുന്നെന്നും എന്നാല്‍ സണ്ണിയുടെ കഥ ആദ്യമായി രഞ്ജിത് പറഞ്ഞപ്പോള്‍ ആ കഥാപാത്രവുമായി തനിക്ക് കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും ജയസൂര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഒരു കഥാപാത്രത്തെ തന്നെ പ്രേക്ഷകര്‍ കണ്ടിരുന്നാല്‍ മടുക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയായിരുന്നു സണ്ണിയെന്നും ജയസൂര്യ പറയുന്നു.
‘ഒരു കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ എന്ന ഘടകം എന്നെ എക്‌സൈറ്റ് ചെയ്തിരുന്നു. കാരണം കാസ്റ്റ് എവേ പോലുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആരാധകനാണ് ഞാന്‍. സണ്ണിയുടെ കഥ രഞ്ജിത്ത് ആദ്യമായി എന്നോട് പറയുമ്പോള്‍ കഥാപാത്രവുമായി എനിക്ക് കണക്ട് ആകാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്യേണ്ടെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സണ്ണി മനസ്സില്‍ കയറിക്കൂടി. അങ്ങനെയാണ് രഞ്ജിത്തുമായി വീണ്ടും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാനിരിക്കുന്നത്. രഞ്ജിത്ത് എന്തായാലും സിനിമ ചെയ്യുമെന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നു, അത് ഞാനല്ലെങ്കില്‍ മറ്റൊരാള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനായി, ജയസൂര്യ പറയുന്നു.