| Friday, 18th November 2022, 4:35 pm

അന്നൊന്നും മറ്റൊരാളുടെ ഫീലിങ്‌സിനെ റെസ്‌പെക്ട് ചെയ്തിരുന്നില്ല; എല്ലാം തമാശയായിരുന്നു: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ജയസൂര്യ. മിമിക്രിയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും അവിടെ നിന്ന് സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചുമൊക്കെ വികാരനിര്‍ഭരമായിട്ടാണ് ഐ ആം വിത്ത് ധന്യ വര്‍മ്മ പരിപാടിയില്‍ ജയസൂര്യ സംസാരിച്ചത്.

പണ്ട് മറ്റൊരാളുടെ ഫീലിങ്‌സിനെ ബഹുമാനിക്കാന്‍ തനിക്കറിയില്ലായിരുന്നെന്നും കോമഡികളെന്ന് കരുതി പറഞ്ഞ പല കാര്യങ്ങളും ചിലരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടാകാമെന്നും ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞു. ചില സിനിമകള്‍ ചെയ്യുന്ന സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

‘വെള്ളം ചെയ്തപ്പോഴും സണ്ണി ചെയ്തപ്പോഴും പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഒരു ജന്മത്തില്‍ ഒരാള്‍ അനുഭവിക്കേണ്ട എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കുറച്ച് സമയം കൊണ്ട് കാണിക്കുന്നതാണ് സിനിമ. ഒരു ജന്മത്തില്‍ ഒരാള്‍ എന്തൊക്കെ ആടി തീര്‍ക്കണോ ആ ആട്ടം മുഴുവനും അയാളുടെ സിനിമയിലുണ്ടാവും,’ ജയസൂര്യ പറഞ്ഞു.

ഷൂട്ടിംഗ് നടക്കുന്ന മുപ്പത് മുപ്പത്തഞ്ച് ദിവസം മാനസിക സമ്മര്‍ദ്ദങ്ങളും കഷ്ടപ്പാടും അനുഭവിക്കേണ്ടി വരും. എന്നാല്‍ ഷൂട്ടിനുശേഷം ആ കഥാപാത്രത്തെ പൂര്‍ണമായി മാറ്റിവെക്കാന്‍ തനിക്കു കഴിയുമെന്നും ജയസൂര്യ പറഞ്ഞു.

സിനിമ അഭിനയമല്ല. അനുഭവമാണ്. അഭിനേതാക്കള്‍ അനുഭവമായി എടുത്താല്‍ മാത്രമേ പ്രക്ഷകര്‍ക്കും അതൊരു അനുഭവമായി തീരുകയുള്ളുവെന്നും ജയസൂര്യ പറഞ്ഞു.

പഴയ ജയസൂര്യയും ഇന്നത്തെ ജയസൂര്യയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന ചോദ്യത്തിന് പണ്ട് ആഴത്തില്‍ സംസാരിക്കാനൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും മറ്റൊരാളുടെ ഫീലിങ്സിനെ റെസ്പെക്ട് ചെയ്തിരുന്നില്ലെന്നുമായിരുന്നു ജയസൂര്യയുടെ മറുപടി.

അന്നൊക്കെ തമാശക്ക് മാത്രമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. അഞ്ചുപേര് ഇരിക്കുമ്പോള്‍ ഒരുത്തനെ കളിയാക്കും. അന്നൊക്കെ ഫീലിങ്സിനെ റെസ്പെക്ട് ചെയ്യാന്‍ അറിയില്ലാരുന്നു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും. കൂട്ടത്തില്‍ കളിയാക്കപ്പെടുന്നവനും ചിരിക്കും. പക്ഷെ അവന്റെ ഫീലിങ്സ് അന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിനൊക്കെ ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്, ജയസൂര്യ പറഞ്ഞു.

Content Highligh: Actor jayasurya About His Movie Career and struggles

We use cookies to give you the best possible experience. Learn more