| Wednesday, 20th January 2021, 1:08 pm

സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്: നടന്‍ ജയശങ്കര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ജയശങ്കര്‍. മുഴുനീള കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ കൂടി ചെയ്യുന്ന രംഗങ്ങള്‍ അതിമനോഹരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സിറ്റി ഓഫ് ഗോഡിലേയും മഹേഷിന്റെ പ്രതികാരത്തിലേയും ഞാന്‍ പ്രകാശനിലേയും ആമേനിലേയും വേഷങ്ങളെല്ലാം അതില്‍ ചിലത് മാത്രമാണ്.  ദൃശ്യം 2 വില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനും ജയശങ്കറിന് സാധിച്ചു.

ഒരുത്തി, വരയന്‍, രാക്ഷസരാവണന്‍ എന്നിവയാണ് ജയശങ്കറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആളാണ് ജയശങ്കര്‍. പിന്നീടും ഒരുപിടി സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.

എന്നാല്‍ മറ്റെല്ലാം ഉപേക്ഷിച്ച് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും കാര്യമായ അവസരങ്ങളൊന്നും അക്കാലത്ത് തന്നെ തേടി വന്നിട്ടില്ലെന്ന് ജയശങ്കര്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

പ്രത്യേകിച്ച് ഒരു വരുമാനമൊന്നുമില്ലാതെ ഒരുപാട് നാള്‍ പിടിച്ചുനില്‍ക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അച്ഛന് അസുഖം കൂടുതലായപ്പോള്‍ അവസരങ്ങള്‍ക്ക് വേണ്ടിയുള്ള അലച്ചില്‍ തത്ക്കാലത്തേക്ക് താന്‍ അവസാനിപ്പിച്ചെന്നും ജയശങ്കര്‍ പറയുന്നു.

പഴയതുപോലെ അവസരങ്ങള്‍ക്ക് വേണ്ടി അലഞ്ഞു തിരിയാന്‍ കഴിയാത്ത അവസ്ഥയായി പിന്നീട് പല വിധ ബിസിനസുകള്‍ തുടങ്ങി. വീണ്ടും സിനിമയില്‍ വരാന്‍ ബാബു ജനാര്‍ദ്ദനനാണ് നിമിത്തമായത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട്ടിലും പിന്നീട് മമ്മൂക്ക ചിത്രമായ പളുങ്കിലും ചെറിയൊരു വേഷം ലഭിച്ചു. മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവിലാണ് ഞാന്‍ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നത്. അതിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡിലും നല്ല വേഷം കിട്ടി.

എന്റെ അഭിനയത്തെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. വീണ്ടും എന്നെ തേടി അവസരങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ വീണ്ടും ചില ചെറുകിട ജോലികളിലേക്ക് തിരിയേണ്ടി വന്നു’, ജയശങ്കര്‍ പറയുന്നു.

സിറ്റി ഓഫ് ഗോഡ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ആമേന്‍ ഇറങ്ങുന്നത്. ഇന്നത്തെ പ്രശസ്തനായ ഒരു ഹാസ്യനടനെയായിരുന്നു ആ വേഷം ചെയ്യാന്‍ വേണ്ടി ആദ്യം സമീപിച്ചത്. ആ നടനെ കിട്ടാതെ വന്നപ്പോഴാണ് തന്നെ തേടി ആ വേഷം എത്തിയത്.

തന്റെ നാടായ മാടപ്പള്ളിയിലും ചങ്ങനാശേരിയിലുമൊക്കെ ഒരു നടനെന്ന നിലയില്‍ തന്നെ അംഗീകരിച്ചത് ആമേന്‍ ഇറങ്ങിയതിന് ശേഷമാണെന്നും അതിന് മുന്‍പൊക്കെ അഭിനയിക്കാന്‍ പോകുമ്പോള്‍ നാട്ടില്‍ നിന്നും ഭീകരമായ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ജയശങ്കര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നടക്കുന്നതെന്ന് നാട്ടുകാരില്‍ പലരും ചോദിച്ചിട്ടുണ്ട്. ചിലപ്പോള്‍ എന്റെയീ രൂപം കൊണ്ടായിരിക്കും അവര്‍ അങ്ങനെ ചിന്തിച്ചുപോയത്.

ആമേന് മുന്‍പ് വരെ സെറ്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുമ്പോള്‍ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളര്‍ച്ചയില്‍ വേണ്ട ഊര്‍ജ്ജമായി മാത്രമേ ഞാന്‍ അതിനെയെല്ലാം കണ്ടിട്ടുള്ളൂ.’ ജയശങ്കര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Jayashankar Share his bad Experience on shooting set

We use cookies to give you the best possible experience. Learn more