ദൃശ്യം 2വിലെ നിര്‍ണായക കഥാപാത്രങ്ങളിലൊന്നായിരുന്നു ജയശങ്കര്‍ ചെയ്ത സെമിത്തേരിയിലെ കുഴിവെട്ടുകാരന്റെ റോള്‍. ചിത്രത്തിലെ അവസാന ഭാഗമെത്തുമ്പോഴാണ് കഥാപാത്രത്തിന്റെ പ്രാധാന്യം പ്രേക്ഷകന് ശരിക്കും പിടികിട്ടിയത്.
ഇപ്പോള്‍ ഈ നിര്‍ണായക റോള്‍ ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് ജയശങ്കര്‍. പ്രശ്‌നം ഉണ്ടാക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും നായകനെ സഹായിക്കുന്ന കഥാപാത്രമായതിന്റെ ഒരു വ്യത്യാസം തോന്നിയെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറയുന്നു. ക്ലൈമാക്‌സോ മറ്റു ട്വിസ്റ്റുകളോ പുറത്തുപോകാതിരിക്കാന്‍ കഥാപാത്രത്തെ കുറിച്ച് ആരോടും പറയരുതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ആവശ്യപ്പെട്ടിരുന്നുവെന്നും ജയശങ്കര്‍ പറയുന്നു.
‘എന്റെ കഥാപാത്രത്തെപ്പറ്റി പുറത്തു പറയരുത് എന്ന് പറഞ്ഞിരുന്നു. സെറ്റില്‍ വന്നിട്ടും എനിക്ക് കഥാപാത്രത്തെ പറ്റി ഒരു ഐഡിയയും ഇല്ല. ക്യാമറാമാന്‍ സതീഷ് കുറുപ്പ് എന്റെ സുഹൃത്താണ്. അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു, അപ്പോള്‍ അദ്ദേഹം ചോദിച്ചു ജീത്തു സര്‍ ഒന്നും പറഞ്ഞില്ലേ എന്ന്, എന്തായാലും സിനിമ ഇറങ്ങുമ്പോള്‍ ഇതൊരു സംഭവമായിരിക്കും എന്ന് സതീഷ് പറഞ്ഞു.
ചെയ്തു കഴിഞ്ഞു തിരിച്ചു വരുമ്പോഴും ഒന്നും പുറത്തു പറയരുത് എന്ന് പറഞ്ഞിരുന്നു. പറയരുത് എന്നുപോലും പറഞ്ഞില്ല ചുണ്ടത്തു വിരല്‍ വെച്ച് ആണ് ജീത്തു സാര്‍ കാണിച്ചത്. ഇത് സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമെന്നു അപ്പോഴേ എനിക്ക് തോന്നി. എന്തായാലും ചെയ്യാന്‍ എടുത്ത തീരുമാനം നന്നായി എന്ന് സിനിമ റിലീസ് ചെയ്തപ്പോള്‍ തോന്നി,’ ജയശങ്കര്‍ പറയുന്നു.
ദൃശ്യത്തിലെ അഭിനേതാക്കളോട് മുഴുവന്‍ കഥയും പറയാതെയാണ് ഷൂട്ടിംഗ് നടത്തിയതെന്ന് സരിത എന്ന കഥാപാത്രത്തെ ചെയ്ത അഞ്ജലി നായര്‍ നേരത്തെ പറഞ്ഞിരുന്നു.
‘നമ്മള്‍ ചെയ്യേണ്ട റിയാക്ഷന്‍സ് ഒക്കെ ജീത്തു ചേട്ടന്‍ വളരെ കൃത്യമായി പറഞ്ഞു തന്നിരുന്നു. ചില സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഓപ്പോസിറ്റ് ഫ്രെയിമില്‍ എന്താണ് ഷൂട്ട് ചെയ്തതെന്ന് പറയാറില്ല. അവിടെ എന്തോ സംഭവം നടക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇങ്ങനെയൊരു എക്സ്പ്രഷന്‍ കൊടുക്കണം എന്ന് പറഞ്ഞു തന്നിരുന്നു. ഞാനും സുമേഷേട്ടനും അപ്പോള്‍ പറയാറുണ്ട്. ശരിക്കും അവിടെ എന്താണ് നടക്കുന്നതെന്ന്. അപ്പുറത്ത് ചിത്രത്തിന്റെ ട്വിസ്റ്റുകളാണ് നടക്കുന്നത്. നമ്മളോട് അത് മുഴുവനായി പറയുന്നില്ലല്ലോ. കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റാണ് ഞാന്‍ വായിച്ചത്. ഞങ്ങള്‍ സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായത്’, അഞ്ജലി പറഞ്ഞു.
ചിത്രത്തില്‍ നിരവധി പേര്‍ പ്രശംസിച്ച ഒരു രംഗമാണ് ലാലേട്ടന്‍ അവതരിപ്പിച്ച ജോര്‍ജൂട്ടി എന്ന കഥാപാത്രത്തിന്റെ കോടതിയിലെ എന്‍ട്രി. സത്യത്തില്‍ ആ രംഗം ഷൂട്ട് ചെയ്തതിനെപ്പറ്റിയും അഞ്ജലി മനസ്സു തുറന്നു.
‘ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ആ സീനാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. ഞങ്ങളോട് യൂണിഫോം ഇട്ട് അവിടെ നിര്‍ത്തിയ ശേഷം ലാലേട്ടനെ നോക്കി ആ എക്സ്പ്രഷന്‍ കൊടുക്കണമെന്നായിരുന്നു പറഞ്ഞത്. അപ്പുറത്ത് ഇതായിരുന്നു സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു,’ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക